കെ. കെ ശൈലജയെ അപകീർത്തിപ്പെടുത്തിയ സംഭവം: ഗള്‍ഫ് മലയാളിക്ക് എതിരെ കേസ്

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാർഥിയും മട്ടന്നൂർ എംഎല്‍എയുമായ കെ കെ ശൈലജയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ ഒരാൾക്കെതിരെ കൂടി കേസെടുത്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയും ഗള്‍ഫ് മലയാളിയുമായ കെ എം മിന്‍ഹാജിനെതിരെയാണ് കേസ്. ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചതിനും കാലാപാഹ്വാനത്തിനും വടകരയിലും മട്ടന്നൂരിലും മിന്‍ഹാജിനെതിരെ കേസെടുത്തിട്ടുണ്ട്.

ഇതോടെ സംഭവത്തിൽ കേസുകളുടെ എണ്ണം നാലായി. നേരത്തെ ന്യൂമാഹി സ്വദേശിയായ ലീഗ് പ്രവർത്തകന്‍ അസ്‌ലമിനെതിരെ കേസെടുത്തിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ വ്യാജ പ്രചാരണം നടത്തിയതിനായിരുന്നു കേസ്.

സൈബർ ആക്രമണത്തില്‍ കോണ്‍ഗ്രസിന്റെ വടകര സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെയായിരുന്നു ശൈലജ കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. ഷാഫിയുടെ അറിവില്ലാതെ ഇത്തരമൊരു കാര്യം സംഭവിക്കില്ലെന്നും ശൈലജ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെയും ശൈലജയുടെയും ചിത്രം മോർഫ് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തെന്ന് ആരോപിച്ച് മാർച്ച് 27ന് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കിയിരുന്നു. ‘ട്രോള്‍ റിപബ്ലിക്ക് ടി ആർ’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ അശ്ലീല പോസ്റ്റ് പ്രത്യക്ഷപ്പെട്ടതായാണ് പരാതിയില്‍ പറയുന്നത്.

സൈബർ ആക്രമണത്തില്‍ ശൈലജയ്ക്ക് പിന്തുണയുമായി യുഡിഎഫിന്റെ വടകര എംഎല്‍എ കെ കെ രമ രംഗത്തെത്തിയിരുന്നു. പരാതി നല്‍കിയിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടിയെടുക്കാത്തതില്‍ പോലീസിനെതിരെയും രമ വിമർശനം ഉന്നയിച്ചു. നടപടിയെടുക്കാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്നായിരുന്നു രമയുടെ വിമർശനം.

ഇത്തരം പ്രചാരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഷാഫിയുടെ അറിവോടെയല്ല ഇത് നടക്കുന്നതെന്നും രമ പറഞ്ഞു.

സ്ത്രീകൾ രാഷ്ട്രീയം പറയുമ്പോൾ അവരെ ലൈംഗികമായി അധിക്ഷേപിക്കുന്ന പ്രവർത്തനം ഉണ്ടാവരുതെന്നും പ്രവർത്തകർ ഇത്തരം പ്രവൃത്തികൾ ചെയ്തിട്ടുണ്ടെങ്കിൽ അവരെ സംരക്ഷിക്കില്ലെന്നും രമ പറഞ്ഞു.

Defamation Case Against A Gulf Malayali on Facebook post About KK Shylaja

More Stories from this section

family-dental
witywide