
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ രാജ്യ തലസ്ഥാനത്തു നടക്കുന്ന പ്രതിഷേധ ധര്‍ണ്ണയ്ക്ക് പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സംസ്ഥാനങ്ങൾ തങ്ങളുടെ അവകാശങ്ങൾ ആവശ്യപ്പെട്ട് പ്രതിഷേധിക്കാൻ ജന്തർ മന്ദറിലെത്തേണ്ട സാഹചര്യം കേന്ദ്രം സൃഷ്ടിച്ചുവെന്ന് കെജ്രിവാൾ കുറ്റപ്പെടുത്തി.
“മിസ്റ്റർ വിജൻ കുടുംബത്തിന് വേണ്ടി കുറച്ച് പണം ചോദിക്കാൻ അല്ല ഇവിടെ വന്നത്. കേരളത്തിന് ലഭിക്കേണ്ട വിഹിതം ലഭിക്കാനാണ് അദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത്,” കെജ്‌രിവാൾ പറഞ്ഞു, വിഭവങ്ങൾ നിഷേധിക്കുന്നതിനു പുറമെ, പ്രതിപക്ഷം ഭരിക്കുന്ന സർക്കാരുകൾക്ക് തടസ്സം സൃഷ്ടിക്കാൻ കേന്ദ്രം ഗവർണർമാരെയും ലഫ്റ്റനൻ്റ് ഗവർണർമാരെയും ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാൻ ബിജെപി ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് നേതാക്കളുടെ അറസ്റ്റ് എന്ന് അദ്ദേഹം പറഞ്ഞു. “ഞങ്ങൾ, പ്രതിപക്ഷ പാർട്ടികൾ ഈ രാജ്യത്തെ 70 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്നു. ഈ സംസ്ഥാനങ്ങളെ നിങ്ങളുടെ ശത്രുക്കളായി നിങ്ങൾ കണക്കാക്കുന്നുണ്ടോ? “ഫെഡറൽ അവകാശങ്ങൾക്കെതിരായ ആക്രമണങ്ങളെ” കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിശദീകരണം തേടിക്കൊണ്ട് കെജ്‌രിവാൾ ചോദിച്ചു.
കെജ്രിവാളിനു പുറമെ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എൻ.സി.പി അധ്യക്ഷൻ ശരത് പവാർ, ഡിഎംകെ നേതാക്കള്‍ അടക്കം സമരത്തിന് പിന്തുണയുമായി ജന്തൻ മന്ദറിലെത്തി.











