പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പില്‍നിന്ന് 6 വര്‍ഷത്തേക്ക് വിലക്കണമെന്ന ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് 6 വര്‍ഷത്തേക്ക് വിലക്കണമെന്ന ഹര്‍ജി ഡല്‍ഹി കോടതി തള്ളി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മതത്തിന്റെ പേരില്‍ പ്രധാനമന്ത്രി വോട്ട് ചോദിച്ചതിനാല്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്.

‘ഇപ്പോഴത്തെ റിട്ട് ഹര്‍ജി തീര്‍ത്തും തെറ്റിദ്ധരിക്കപ്പെട്ടതാണ്. ലംഘനം നടന്നിട്ടുണ്ടെന്ന് ഹര്‍ജിക്കാരന്‍ അനുമാനിക്കുന്നു. ഒരു പ്രത്യേക വീക്ഷണം എടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതിക്ക് നിര്‍ദ്ദേശം നല്‍കാനാവില്ലെന്ന്’ ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് സച്ചിന്‍ ദത്ത പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന് എല്ലാ ദിവസവും ഇത്തരം അപേക്ഷകള്‍ ലഭിക്കുന്നുണ്ടെന്നും നിയമപ്രകാരം നടപടിയെടുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സിദ്ധാന്ത് കുമാര്‍ വാദിച്ചു.

ഏപ്രില്‍ 9 ന് ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ മോദി നടത്തിയ പ്രസംഗം പരാമര്‍ശിച്ച് അഡ്വക്കേറ്റ് ആനന്ദ് എസ് ജോന്‍ഡാലെയാണ് നടപടി ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. യില്‍ പ്രധാനമന്ത്രി ഹിന്ദു, സിഖ് ദേവതകളുടെയും ആരാധനാലയങ്ങളുടെയും പേരില്‍ വോട്ട് തേടുക മാത്രമല്ല, പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്ലീങ്ങള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്ന് അഭിപ്രായ പ്രകടനം നടത്തിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

‘ഹിന്ദു ദേവതകളുടെയും ഹിന്ദു ആരാധനാലയങ്ങളുടെയും സിഖ് ദേവതകളുടെയും സിഖ് ആരാധനാലയങ്ങളുടെയും’ പേരില്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിനിടെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചതായി ജോന്‍ഡാലെ പറഞ്ഞു.