
ന്യൂഡൽഹി: തൻ്റെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഏഴ് ആം ആദ്മി പാർട്ടി (എഎപി) എംഎൽഎമാരെ ബിജെപി ‘വാങ്ങാൻ’ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചതിന് തൊട്ടുപിന്നാലെ, കേസിൽ നോട്ടീസ് നൽകാൻ ഡൽഹി പോലീസ് ക്രൈംബ്രാഞ്ചിലെ പോലീസുകാർ മുഖ്യമന്ത്രിയുടെ വസതിയിലെത്തി.
നോട്ടീസുകൾ സ്വീകരിച്ചിട്ടില്ലെന്നും വൃത്തങ്ങൾ അറിയിച്ചു.
തൻ്റെ ഏഴ് എംഎൽഎമാരെ വാങ്ങാൻ ബിജെപി 25 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി കെജ്‌രിവാൾ ആരോപിച്ചിരുന്നു. സംഭവത്തിൽ ബിജെപി പോലീസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് നേരിട്ട് നൽകാനാണ് ക്രൈംബ്രാഞ്ച് ഡൽഹി മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയതെന്നാണ് റിപ്പോർട്ട്.
ഡൽഹിയിൽ തെരഞ്ഞെടുപ്പിൽ വിജയിക്കാനാവില്ല എന്നറിയാവുന്നതിനാൽ, അരവിന്ദ് കെജ്രിവാൾ സർക്കാരിനെ താഴെയിറക്കാൻ ബിജെപി വൃത്തികെട്ട ഗൂഢാലോചന നടത്തുകയാണെന്ന് ഡൽഹി ഭരണകക്ഷി ആരോപിച്ചു.
അതിനിടെ, മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അഞ്ചാം തവണയും കെജ്രിവാൾ ഇ.ഡിയ്ക്ക് മുമ്പിൽ ചോദ്യംചെയ്യലിന് ഹാജരായില്ല. വെള്ളിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകുമെന്ന കണക്കുകൂട്ടലിൽ ഇ.ഡി. ആസ്ഥാനത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും കെജ്രിവാൾ എത്തിയില്ല.














