
ന്യൂഡൽഹി: ഇന്ത്യയിൽ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയർന്ന താപനില ഡല്‍ഹിയില്‍ രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഡല്‍ഹിയിലെ മുംഗേഷ്പുരില്‍ കാലാവസ്ഥ കേന്ദ്രം 52.3 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡല്‍ഹിയില്‍ ചുട്ടുപൊള്ളുന്ന കാലാവസ്ഥയാണ്.
രാജസ്ഥാനില്‍ നിന്നുള്ള ചൂട് കാറ്റാണ് താപനില ഉയരാന്‍ കാരണമെന്നും ആദ്യം ബാധിക്കുന്ന പ്രദേശങ്ങളാണ് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്(ഐഎംഡി) റീജ്യനല്‍ ഹെഡ് കുല്‍ദീപ് ശ്രീവാസ്തവ പറഞ്ഞു.
ഡല്‍ഹിയുടെ ചില ഭാഗങ്ങള്‍ ഉഷ്ണക്കാറ്റ് നേരത്തെ എത്തിയിരിക്കുകയാണ്. ഇതിനകം തന്നെ രൂക്ഷമായ കാലാവസ്ഥ ഇപ്പോൾ കൂടുതല്‍ വഷളാകുകയാണ്. മുംഗേഷ്പൂര്‍, നരേല, നജഫ്ഗഡ് തുടങ്ങിയ പ്രദേശങ്ങളാണ് ചൂടു കാറ്റിന്റെ ശക്തി ആദ്യം പ്രതിഫലിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
ചൊവ്വാഴ്ച 49.9 ഡിഗ്രി താപനിലയാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. സാധാരണ ഈ സമയങ്ങളില്‍ ഇടക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കിട്ടാറുള്ള മഴ ഇത്തവണ ഉണ്ടായിട്ടില്ല. വീടുകള്‍ക്ക് മുകളിലെ വാട്ടര്‍ ടാങ്കുകളില്‍ നിന്നും വെള്ളം തിളച്ച അവസ്ഥയിലാണ് ടാപ്പുകളിലൂടെ എത്തുക. സമീപ കാല ചരിത്രത്തില്‍ ഡൽഹിയിൽ ഇത്രയും അധികം ചൂട് ഉണ്ടായിട്ടില്ല എന്നാണ് സാധാരണക്കാര്‍ പറയുന്നത്.
കൊടുംചൂടിനൊപ്പം കുടിവെള്ള ക്ഷാമവും അതിരൂക്ഷമാണ്. പലയിടങ്ങളിലും കുടിവെക്കാന്‍ വെള്ളമില്ല. ഹരിയാനയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും എത്തുന്ന വെള്ളമാണ് ഡൽഹിയുടെ ദാഹം മാറ്റുന്നത്. പക്ഷെ, ഹരിയാനയില്‍ നിന്ന് ആവശ്യത്തിന് കുടിവെള്ളം കിട്ടുന്നില്ലെന്നാണ് ഡൽഹി സര്‍ക്കാര്‍ പറയുന്നത്. ടാങ്കറുകളില്‍ പരമാവധി സ്ഥലത്ത് കുടിവെള്ളം എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഡൽഹി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പകല്‍ സമയങ്ങളില്‍ ആളുകള്‍ പരമാവധി പുറത്തിറങ്ങരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.