
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ നിന്നുള്ള ഒരു യുവതിയെ ഡല്‍ഹിയില്‍ വച്ച് സുഹൃത്ത് ഒരാഴ്ചയോളം ബലാത്സംഗം ചെയ്തതായും മര്‍ദ്ദിച്ചതായും ശരീരത്തില്‍ ചൂട് പരിപ്പ് കറി ഒഴിച്ച് ഉപദ്രവിച്ചതായും റിപ്പോര്‍ട്ട്.
പരസ് (28) എന്ന പ്രതിക്കെതിരെ ബലാത്സംഗം, ഉപദ്രവിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് കേസെടുത്തിട്ടുണ്ട്. ഫെബ്രുവരി രണ്ടിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു. ജനുവരിയില്‍ നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്.
തെക്കന്‍ ഡല്‍ഹിയിലെ നെബ് സരായ് ഏരിയയിലെ രാജു പാര്‍ക്കിലെ വാടക വീട്ടിലാണ് യുവതി ഒരു മാസത്തോളമായി പരാസിനൊപ്പം താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
ജനുവരി 30 ന് നെബ് സരായ് പോലീസ് സ്റ്റേഷനില്‍ ഒരു സ്ത്രീയെ ഭര്‍ത്താവ് മര്‍ദിക്കുന്നതായി അറിയിച്ച് പിസിആര്‍ കോള്‍ വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം യുവതിയെ രക്ഷപ്പെടുത്തി എയിംസില്‍ എത്തിച്ചതായി അധികൃതര്‍ അറിയിച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ യുവതിയുടെ ശരീരത്തില്‍ 20 ഓളം മുറിവുകളുണ്ടായിരുന്നു. യുവതി ഇപ്പോള്‍ സുഖം പ്രാപിച്ചുവെന്നും ആശുപത്രിവിട്ടെന്നും പൊലീസ് പറയുന്നു.
താന്‍ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് സ്വദേശിനിയാണ് സംഭവത്തിന് ഇരയായത്. ഇവര്‍ പ്രതിയുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നും തുടര്‍ന്ന് സുഹൃത്തുക്കളാകുകയും ചെയ്തു. കഴിഞ്ഞ 3-4 മാസമായി പരാസുമായി ഇവര്‍ ബന്ധം സ്ഥാപിച്ചിരുന്നു.
വീട്ടുവേലക്കാരിയായി ജോലി തേടി എത്തിയ യുവതി പരാസിനൊപ്പം താമസിക്കുകയായിരുന്നു. ജോലി കണ്ടെത്താന്‍ സഹായിക്കാമെന്ന് ഇയാള്‍ യുവതിക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. ആ ഉറപ്പിന്മേല്‍ അവര്‍ രാജു പാര്‍ക്കിലെ ഒരു വാടക വീട്ടില്‍ യുവാവിനൊപ്പം താമസിച്ചു.
പക്ഷേ, ദിവസങ്ങള്‍ കഴിയുന്തോറും പ്രതി യുവതിയെ മര്‍ദിക്കുകയും, ഒരാഴ്ചയോളം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടെ ചൂട് പരിപ്പ് ഉപയോഗിച്ച് യുവതിയെ പൊള്ളലേല്‍പ്പിക്കുകയും ചെയ്തു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജനുവരി 30ന് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഫെബ്രുവരി 2 ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഉത്തരാഖണ്ഡ് സ്വദേശിയായ പരാസ് ഡല്‍ഹിയിലെ ഒരു ഭക്ഷണശാലയില്‍ പാചകക്കാരനായി ജോലി ചെയ്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.










