
ന്യൂഡൽഹി: ഡൽഹിയിലെ മുംഗേഷ്പൂർ കാലാവസ്ഥാ കേന്ദ്രത്തിൽ ബുധനാഴ്ച രേഖപ്പെടുത്തിയ പരമാവധി താപനില 52.9 ഡിഗ്രി സെൽഷ്യസ് ആണ്. ഇത് ഇന്ത്യയിലെ ഏത് സ്ഥലത്തേയും സർവകാല റെക്കോർഡാണ്. അതേസമയം മീറ്റർ റീഡിങ്ങിന്റെ ആധികാരികത പരിശോധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
നഗരത്തിലെ പ്രധാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സഫ്ദർജംഗ് സ്റ്റേഷനിൽ ബുധനാഴ്ച രേഖപ്പെടുത്തിയ പരമാവധി താപനില 46.8 ഡിഗ്രി സെൽഷ്യസ് ആണ്. ഇത് 80 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയാണ്. വർഷത്തിലെ ഈ സമയത്ത് പ്രതീക്ഷിച്ചതിലും ആറ് ഡിഗ്രി കൂടുതലായിരുന്നു ഇത്. 1944 ന് ശേഷം സ്റ്റേഷനിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന താപനിലകൂടിയാണിത്. എന്നാൽ ഡൽഹിയുടെ വടക്കൻ പ്രാന്തപ്രദേശത്ത് ഹരിയാന അതിർത്തിയോട് ചേർന്നുള്ള മുംഗേഷ്പൂരിലെ താപനിലയേക്കാൾ ഇത് ഏറെ കുറവാണ് പ്രധാന സ്റ്റേഷനിൽ രേഖപ്പെടുത്തിയത്.
“ഡൽഹി എൻസിആറിലെ ഉയർന്ന താപനില, നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 45.2 ഡിഗ്രി സെൽഷ്യസ് മുതൽ 49.1 ഡിഗ്രി സെൽഷ്യസ് വരെയാണ്. മറ്റ് സ്റ്റേഷനുകളിൽ നിന്ന് വ്യത്യസ്തമായി 52.9 ഡിഗ്രി സെൽഷ്യസാണ്മുംഗേഷ്പൂരിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രാദേശിക ഘടകങ്ങളുടെ സെൻസറിലെ പിശക് മൂലമാകാം ഇത്. ഐഎംഡി ഡാറ്റയും സെൻസറുകളും പരിശോധിച്ചുവരികയാണ്,” ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.