
ന്യൂഡല്‍ഹി: ഇടക്കാല ജാമ്യം ഒരാഴ്ചത്തേക്ക് നീട്ടണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഡല്‍ഹി മദ്യ നയ അഴിമതി കേസില്‍ അറസ്റ്റിലായ കെജ്രിവാളിന് തിരഞ്ഞെടുപ്പ് പ്രചാരണം ചൂണ്ടിക്കാട്ടി ജൂണ്‍ ഒന്നുവരെയായിരുന്നു സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. എന്നാല്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം ഒരാഴ്ച കൂടി നീട്ടണമെന്നായിരുന്നു ഇന്നലെ കെജ്രിവാള്‍ സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചത്.
എന്നാല്‍, കെജ്രിവാളിന്റെ ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് മാത്രമേ കൈമാറുകയുള്ളൂവെന്നും അദ്ദേഹം എപ്പോള്‍ വാദം കേള്‍ക്കണമെന്ന് തീരുമാനിക്കുമെന്നും അവധിക്കാല ബെഞ്ച് അറിയിച്ചു. ഇതോടെയാണ് കെജ്രിവാളിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചത്.
നിലവിലത്തെ സാഹചര്യം അനുസരിച്ച് ജാമ്യം തീരുന്ന മുറയ്ക്ക് കെജ്രിവാള്‍ ജൂണ്‍ 2നകം തിഹാര്‍ ജയിലിലേക്ക് മടങ്ങണം. പ്രമേഹവുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ നിലവില്‍ ഡല്‍ഹി മുഖ്യമന്ത്രിയെ അലട്ടുന്നുണ്ട്. മാത്രമല്ല, കൂടുതല്‍ മെഡിക്കല്‍ പരിശോധനകള്‍ക്ക് സമയം ആവശ്യമാണെന്ന് വാദിച്ചാണ് ഇടക്കാല ജാമ്യം നീട്ടാനുള്ള ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്ന് കെജ്രിവാളിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജൂണ്‍ ഒമ്പതിന്, അതായത് തിരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ച് ദിവസത്തിന് ശേഷം കീഴടങ്ങാമെന്നുമാണ് പുതിയ ഹര്‍ജിയില്‍ കെജ്രിവാള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് PET-CT സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നും ഇവ പൂര്‍ത്തിയാകാന്‍ ഏകദേശം അഞ്ച് മുതല്‍ ഏഴ് ദിവസം വരെ വേണമെന്നും കോടതിയെ അറിയിച്ചു.












