ശ്രീരാമന് സമര്‍പ്പിക്കാന്‍ സ്വര്‍ണ്ണ പാദുകവുമായി 8000 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് ഭക്തന്‍

ഹൈദ്രാബാദ്: ശ്രീരാമന് സമര്‍പ്പിക്കാന്‍ സ്വര്‍ണ്ണപാദുകവുമായി 8000 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് ഒരു ഭക്തന്‍. ഹൈദ്രാബാദില്‍ നിന്നുള്ള 64 കാരനായ ചള്ള ശ്രീനിവാസ് ശാസ്ത്രിയാണ് രാമഭക്തിയില്‍ അയോധ്യയിലേക്കുള്ള യാത്രയില്‍ ഇതിനോടകം 7700 ലധികം കിലോമീറ്ററുകള്‍ പിന്നിട്ടത്. പാദുകങ്ങള്‍ തലയില്‍ ചുമന്നുകൊണ്ടാണ് ശ്രീനിവാസ് ശാസ്ത്രി നടക്കുന്നത്.

കഴിഞ്ഞ ജൂലൈ 20 നാണ് ശ്രീരാമന് സമര്‍പ്പിക്കാനായി അദ്ദേഹം 65 ലക്ഷം രൂപ വിലമതിക്കുന്ന പാദരക്ഷകളുമായി യാത്ര തുടങ്ങിയത്. ഇദ്ദേഹം നേരത്തെ അഞ്ച് വെള്ളി ഇഷ്ടികകള്‍ രാമക്ഷേത്രത്തിന് സംഭാവന നല്‍കിയിരുന്നു.

ഒഡീഷയിലെ പുരി, മഹാരാഷ്ട്രയിലെ ത്രെയംബക്, ഗുജറാത്തിലെ ദ്വാരക തുടങ്ങിയ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശാസ്ത്രി അടുത്ത 10 ദിവസത്തിനുള്ളില്‍ അയോധ്യയിലെത്തിച്ചേരും. യാത്ര അയോധ്യയില്‍ എത്തുമ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പാദുകങ്ങള്‍ കൈമാറാനാണ് ശ്രീനിവാസ് പദ്ധതിയിടുന്നത്.

‘എന്റെ അച്ഛന്‍ അയോധ്യയിലെ ‘കര്‍സേവ’യില്‍ പങ്കെടുത്തു. അദ്ദേഹം ഹനുമാന്റെ ശക്തനായ ഭക്തനായിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം പണിയുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അദ്ദേഹം ഇല്ലാതായതിനാല്‍ അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റാന്‍ ഞാന്‍ തീരുമാനിച്ചു, എന്നാണ് തന്റെ യാത്രയെക്കുറിച്ച് ശാസ്ത്രി പറഞ്ഞത്. ശാസ്ത്രിക്കൊപ്പം മറ്റ് അഞ്ച് പേരുകൂടി യാത്രയില്‍ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

അയോധ്യ ഭാഗ്യനഗര്‍ സീതാരാമ ഫൗണ്ടേഷന്റെ സ്ഥാപകന്‍കൂടിയായ ഇദ്ദേഹം അയോധ്യയില്‍ സ്ഥിരതാമസമാക്കാനും ഈ നഗരത്തില്‍ ഒരു വീട് നിര്‍മ്മിക്കാനും പദ്ധതിയിടുന്നു.

വരുന്ന 22 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുക. ഇതിനോടനുബന്ധിച്ച് ഗംഭീര ഒരുക്കങ്ങളാണ് അയോധ്യയില്‍ നടക്കുന്നത്.

More Stories from this section

family-dental
witywide