
ന്യൂഡല്‍ഹി: പി.വി.അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഡിജിപി കൂടിക്കാഴ്ച നടത്തി. കോട്ടയം നാട്ടകം ഗസ്റ്റ്ഹൗസില്‍വെച്ചാണ് ഡിജിപി ഷേക്ക് ദര്‍വേശ് സാഹേബ് മുഖ്യമന്ത്രിയെ കണ്ടത്. ഡിജിപി- മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം അജിത്കുമാർ മുഖ്യമന്ത്രിയെ കാണും.
എഡിജിപി എം.ആര്‍. അജിത്കുമാറിനെയും പത്തനംതിട്ട എസ്പി സുജിത് ദാസിനെയും മാറ്റിനിര്‍ത്തിയുള്ള അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. മരംമുറി പരാതി പിന്‍വലിക്കാന്‍ അന്‍വറിനോട് കെഞ്ചി ഫോണ്‍ വിളിച്ച മലപ്പുറം മുന്‍ എസ്പി കൂടിയായ സുജിത് ദാസിന് സസ്‌പെന്‍ഡ് ചെയ്യാനുള്ള സാധ്യതയുമുണ്ട്.
അതേസമയം പി.വി അൻവർ ഇന്ന് കൂടുതൽ ശബ്ദരേഖകൾ പുറത്തുവിടാൻ സാധ്യതയുണ്ടെന്നാണ് വിവരം. അൻവറിന്‍റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ കേസ് എടുക്കണമെന്ന് ആവശ്യപെട്ട് സിപിഎം ലോക്കൽ കമ്മിറ്റിയംഗം പരാതി നൽകി. ഡിജിപിക്കും മുഖ്യമന്ത്രിക്കുമാണ് മലപ്പുറം പരപ്പനങ്ങാടി സിപിഎം ലോക്കൽ കമ്മറ്റി അംഗം എ .പി മുജിബ് പരാതി നൽകിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ വഹിക്കുന്ന ആഭ്യന്തരവകുപ്പിനെത്തന്നെ പ്രതിസന്ധിയിലാക്കിക്കൊണ്ട്, അജിത്കുമാര്‍, എസ്. സുജിത് ദാസ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി എന്നിവര്‍ക്കുനേരേ കഴിഞ്ഞ ദിവസമാണ് ഇടത് എംഎല്‍എ ആയ അന്‍വര്‍ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.