‘കുറ്റകരമായ മൗനം’: സംവിധായകൻ ആഷിഖ് അബു ഫെഫ്കയിൽ നിന്ന് രാജിവച്ചു

കൊച്ചി: മലയാള സിനിമയിലെ സാ​​ങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയിൽ നിന്ന് സംവിധായകൻ ആഷിഖ് അബു രാജിവച്ചു. ഫെഫ്കയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രാജിവച്ചത്. ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരായ പരസ്യ വിമർശനങ്ങൾക്ക് പിന്നാലെയാണ് രാജി.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നേതൃത്വം കുറ്റകരമായ മൗനം പാലിച്ചെന്നു ചൂണ്ടിക്കാട്ടിയാണു രാജി. ഫെഫ്കയുടെത് കാപട്യം നിറഞ്ഞ നേതൃത്വമെന്ന് ആഷിഖ് അബു ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ മലയാള സിനിമയിലുണ്ടായ വിവാദങ്ങളിൽ ഫെഫ്ക മൗനം പാലിച്ചതിനെയും ആഷിഖ് അബു വിമർശിച്ചിരുന്നു. ഫെഫ്ക എന്നാൽ ഉണ്ണികൃഷ്ണനാണെന്ന സമീപനം തിരുത്തപ്പെടേണ്ടതാണെന്ന് പറഞ്ഞ ആഷിഖ് അബു, നയരൂപീകരണ സമിതിയിൽനിന്ന് ഉണ്ണികൃഷ്ണനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.

തൊഴിൽ നിഷേധിക്കുന്നയാളാണ് ഉണ്ണികൃഷ്ണൻ. ഇടതു പക്ഷക്കാരനാണെന്ന വ്യാജ പരിവേഷം അണിയുകയാണ് അയാൾ. സർക്കാറിനെ തെറ്റിദ്ധരിപ്പിക്കാൻ സാധിച്ചയാളാണെന്നും ആഷിഖ് അബു നേരത്തേ ആരോപിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ ഇതുവരെ മാധ്യമങ്ങളെ കണ്ടിട്ടില്ല. ഇതിനെതിരെ സംഘടനയ്ക്കുള്ളിൽ കടുത്ത അമർ‌ഷമുണ്ട്. അതിനിടെയാണ് ആഷിഖ് അബുവിന്റെ രാജി. ആഷിഖിന് പിന്തുണ അറിയിച്ച് കൂടുതൽ രാജി ഉണ്ടാകുമോയെന്നാണ് ആകാക്ഷ.

Also Read

More Stories from this section

family-dental
witywide