
തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്ര ഉയർത്തിയ ലൈംഗികാരോപണത്തിൽ അടിതെറ്റി ചലച്ചിത്ര അക്കാദമി ചെയർമാനും പ്രമുഖ സംവിധായകനുമായ രഞ്ജിത്ത് രാജിവക്കുമെന്ന് സൂചന. സി പി ഐ അടക്കമുള്ള ഇടതു കേന്ദ്രങ്ങളിൽ നിന്നുൾപ്പെടെ രാജിയ്ക്കായി സമ്മർദം ഉയർന്നതോടെയാണ് രഞ്ജിത്ത് രാജിയിലേക്ക് നീങ്ങുന്നതെന്നാണ് വ്യക്തമാകുന്നത്. ഞായറാഴ്ച രാവിലെയോടെ രഞ്ജിത്തിന്‍റെ രാജി പ്രഖ്യാപനം ഉണ്ടായേക്കും. സി പി ഐ നേതാക്കളടക്കം ഉയർത്തിയ എതിർപ്പുകൾ അവഗണിക്കാനാകില്ലെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. ഇതുവരെ സംരക്ഷിച്ചിരുന്ന പ്രമുഖ നേതാക്കളടക്കം വിമർശനം കനത്തതോടെ രഞ്ജിത്തിനെ സംരക്ഷിക്കേണ്ട കാര്യമില്ലെന്ന നിലപാടിലേക്ക് എത്തിയെന്നും വിവരമുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് രഞ്ജിത്ത് രാജിയിലേക്ക് നീങ്ങുന്നതെന്നാണ് വ്യക്തമാകുന്നത്.















