
തിരുവനന്തപുരം: കേരളതീരത്ത് ഇന്ന് ഉച്ചക്ക് ശേഷമുണ്ടായ കടലാക്രമണത്തിന്‍റെ കാരണം ദുരന്തനിവാരണ അതോറിറ്റി കണ്ടെത്തി. ‘കള്ളക്കടൽ’ എന്ന പ്രതിഭാസമാണ് വ്യാപകമായ രീതിയിലുള്ള കടലാക്രമണത്തിന് കാരണമെന്നാണ് ദുരന്തനിവാരണ അതോറിറ്റി കണ്ടെത്തിയത്. ഉയർന്ന തിരമാലയും കടലാക്രമണവും ഒരുദിവസം കൂടി തുടരുമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജില്ലയിൽ ക്യാമ്പുകൾ തുറക്കുന്നതുൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ദേവീദാസും അറിയിച്ചു.
കടൽക്ഷോഭം രൂക്ഷമായി തുടരാൻ സാധ്യത ഉള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. വല ഉൾപ്പെടെയുള്ള മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും കടൽ സ്ഥിതി ശാന്തമാകുന്നതുവരെ പൂർണമായും ഒഴിവാക്കേണ്ടതാണ്.അടിയന്തിര സഹായങ്ങൾക്കായി കളക്ട്രേറ്റ് കൺട്രോൾ റൂമിലേക്ക് 9447677800 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ആഴക്കടൽ മത്സ്യബന്ധനത്തിന് നിലവിൽ തടസ്സമില്ലെന്നും എന്നാൽ തീരത്തേക്ക് മടങ്ങിയെത്തുന്ന യാനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും അദ്ദേഹം അറിയിച്ചു.
Disaster Management Authority has found the cause of the sea attack in Kerala