
പത്തനാപുരം: പത്തനാപുരം യൂണിറ്റിൽ 2024 ഏപ്രിൽ 29, 30 തീയതികളിലായി അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന 10 സ്ഥിര വിഭാഗം ഡ്രൈവർമാരെ സ്ഥലം മാറ്റുകയും നാല് ബദലി വിഭാഗം ഡ്രൈവർമാരെ സർവീസിൽ നിന്നും മാറ്റി നിർത്തുകയും ചെയ്തെന്ന് കെഎസ്ആർടിസി എം ഡി അറിയിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെ ജീവനക്കാർ കൂട്ടമായി അവധിയെടുത്തത് കാരണം പത്തനാപുരം യൂണിറ്റിലെ നിരവധി സർവീസുകൾ റദ്ദ് ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നു. കെഎസ്ആർടിസി സർവീസുകളെ ആശ്രയിച്ചിരുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാവുകയും ഇതിലൂടെ 1,88,665 രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതിനെയും തുടർന്നാണ് ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് എം ഡി അറിയിച്ചു.
കെഎസ്ആർടിസി സർവീസുകളെ മാത്രം ആശ്രയിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാരാണ് ഉള്ളത്. ഇത്തരത്തിൽ അപ്രതീക്ഷിതമായി സർവീസുകൾ റദ്ദ് ചെയ്യുന്നത് കെഎസ്ആർടിസിയിലെ സ്ഥിരം യാത്രക്കാരെ മറ്റു യാത്രാ മാർഗ്ഗങ്ങൾ തേടുന്ന സാഹചര്യത്തിലേക്ക് എത്തിക്കും. ഒരു വിഭാഗം ജീവനക്കാരുടെ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ രീതികൾ ഒരുതരത്തിലും അനുവദിക്കാൻ കഴിയില്ല. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ തുടർന്നും ഉണ്ടാകുമെന്നും കെഎസ്ആർടിസി എം ഡി മുന്നറിയിപ്പ് നൽകി.
Disciplinary action against 14 employees for unauthorized absence from duty at KSRTC Pathanapuram unit