
പത്തനംതിട്ട: എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് പത്തനംതിട്ട തിരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ ജില്ലാ കളക്ടറുടെ താക്കീത്. കുടുംബശ്രീയെ പ്രചരണത്തിന് ഉപയോഗിച്ചു എന്ന പരാതിയിലാണ് നടപടി. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ സ്ഥാനാർത്ഥിയായിട്ടും തോമസ് ഐസക് പങ്കെടുത്തിരുന്നു. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും സർക്കാർ പരിപാടികളിൽ പങ്കെടുക്കരുത് എന്നുമാണ് താക്കീത്. ഇത് സംബന്ധിച്ച കത്ത് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ തോമസ് ഐസക്കിന് കൈമാറി.
തോമസ് ഐസക്ക് ചട്ടലംഘനം നടത്തി എന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാൻ വർഗീസ് മാമനാണ് പരാതി നൽകിയത്. പന്തളം തെക്കേക്കര പഞ്ചായത്തിൽ നടന്ന കുടുംബശ്രീ യോഗത്തിൽ പങ്കെടുക്കുകയും വനിതാ വികസന കോർപ്പറേഷന്റെ വായ്പ നൽകുമെന്ന് സ്ഥാനാർഥി വാഗ്ദാനം ചെയ്തതായും പരാതിയിൽ ആരോപിച്ചിരുന്നു.
ഐസക്കിന്റെ വിശദീകരണം കൂടി കേട്ടശേഷമാണ് ജില്ലാ കളക്ടർ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർക്ക് വരണാധികാരി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.