കാനിൽ കോളിളക്കം സൃഷ്ടിച്ച് ഡൊണാൾഡ് ട്രംപിന്റെ ബയോപിക് ‘ദി അപ്രൻ്റിസ്’

യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘ദി അപ്രന്റിസ്’ എന്ന ചിത്രത്തിന്റെ വേൾഡ് പ്രീമിയർ കാൻ ഫിലിം ഫെസ്റ്റിവലിൽ നടന്നു. നിരൂപകരിൽ നിന്ന് ചിത്രം ഏറെക്കുറെ നല്ല അവലോകനങ്ങൾ നേടിയെങ്കിലും മുൻ പ്രസിഡൻ്റ് ബയോപിക്കിനെതിരെ നിയമപരമായ ഭീഷണി മുഴക്കിയിരിക്കുകയാണ്.

1970 കളിലും 80 കളിലും ന്യൂയോർക്കിലെ ഒരു യുവ പ്രോപ്പർട്ടി ഡെവലപ്പർ എന്ന നിലയിൽ ട്രംപിൻ്റെ ഉയർച്ചയുടെ കഥയാണ് അപ്രൻ്റീസ് പറയുന്നത്. തൻ്റെ ആദ്യ ഭാര്യ ഇവാനയെ ട്രംപ് ബലാത്സംഗം ചെയ്യുന്നത് ദി അപ്രന്റീസിൽ ചിത്രീകരിച്ചിട്ടുണ്ട്. ഇതിനെതിരെ ട്രംപിന്റെ വക്താവ് രൂക്ഷമായി പ്രതികരിച്ചു. ഹോളിവുഡ് സിനിമാ ലോകം അമേരിക്കയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നും ഇത് ഫിക്ഷൻ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ പല സംഭവങ്ങളും സാങ്കൽപ്പികമാണെന്ന കുറിപ്പോടെയാണ് ചിത്രം ആരംഭിക്കുന്നത്.

നവംബറിൽ അമേരിക്ക മറ്റൊരു പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുക്കുകയും ട്രംപിൻ്റെ ഹഷ് മണി ട്രയൽ ന്യൂയോർക്കിൽ തുടരുന്നതിനുമിടെയാണ് ഇത് അരങ്ങേറിയത്.

2004 മുതൽ ഒരു ദശാബ്ദത്തിലേറെയായി മിസ്റ്റർ ട്രംപ് നയിച്ച ടിവി സീരീസുകളുടെ ഒരു റഫറൻസാണ് ദി അപ്രന്റീസ് എന്ന തലക്കെട്ട്. പാം ആൻഡ് ടോമി, ഡംബ് മണി, നിരവധി എംസിയു സിനിമകൾ എന്നിവയിൽ പ്രത്യക്ഷപ്പെട്ട സെബാസ്റ്റ്യൻ സ്റ്റാൻ ആണ് ട്രംപിന്റെ വേഷത്തിൽ എത്തുന്നത്. ജെറമി സ്‌ട്രോങ്ങ് അദ്ദേഹത്തിൻ്റെ ഉപദേശകനും അഭിഭാഷകനുമായ റോയ് കോനെ അവതരിപ്പിക്കുന്നു.