
ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഹഷ് മണി കേസിൽ അന്തിമവാദം പൂർത്തിയായി. ഇരു ഭാഗങ്ങളുടെയും അന്തിമ വാദങ്ങൾ പൂർത്തിയായതോടെ കേസിന്‍റെ വിധി ഈ ആഴ്ച തന്നെ ഉണ്ടായേക്കും. ഏകദേശം പത്തുമണിക്കൂറാണ് ഹഷ് മണി കേസിലെ അന്തിമ വാദം നീണ്ടുനിന്നത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനിറങ്ങിയിട്ടുള്ള ട്രംപിനെ സംബന്ധിച്ചടുത്തോളം ഏറെ നിർണായകമാകും വിധി. ഈ ആഴ്ച്ച തന്നെ വിധി വരാനാണ് സാധ്യതയെന്നാണ് കോടതി വൃത്തങ്ങൾ അറിയിക്കുന്നത്.
2016 ലെ തിരഞ്ഞെടുപ്പിൽ തനിക്ക് പ്രതികൂലമാവുന്ന റിപ്പോർട്ടുകൾ പൂഴ്ത്തി വയ്ക്കാൻ ട്രംപ് ശ്രമം നടത്തിയെന്ന ആരോപണമാണ് ഹഷ് മണി കേസിന് ആധാരം. അതേസമയം അന്തിമ വാദത്തിനിടെ പ്രകോപനപരമായി സംസാരിച്ച ട്രപിന്‍റെ അഭിഭാഷകൻ ടോഡ് ബ്ലാഞ്ചിനെ കോടതി ശക്തമായി ശാസിച്ചു. കുറ്റം തെളിഞ്ഞാൽ ട്രംപിനെ ജയിലിൽ അടയ്ക്കുമെന്ന് ജൂറിയോട് ബ്ലാഞ്ച് പറഞ്ഞതാണ് പ്രകോപനകരമായത്. ബ്ലാഞ്ചിന്‍റെ വാദം അതിക്രമവും അങ്ങേയറ്റം അനുചിതവും ആണെന്നും ശിക്ഷ കണക്കിലെടുത്തല്ല ജൂറി കേസ് ചർച്ച ചെയ്യുന്നതെന്നും ജഡ്‌ജി യുവാൻ മെർഷൻ ചൂണ്ടികാട്ടി.
2016 തിരഞ്ഞെടുപ്പിൽ വോട്ടർമാരെ കബളിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ട്രംപും സംഘവും നടത്തിയതെന്നു പ്രോസിക്യൂഷൻ വാദിച്ചത്. നീലച്ചിത്ര നടി സ്റ്റോർമി ഡാനിയൽസ് ഉൾപ്പെടെ പലർക്കും പണം കൊടുത്തു പ്രതികൂല റിപ്പോർട്ടുകൾ ട്രംപും സഹായികളും ചേർന്നു മുക്കിയെന്നു പ്രോസിക്യൂഷൻ ആരോപിക്കുന്നു. എന്നാൽ പ്രോസിക്യൂഷൻ കൊണ്ടുവന്ന പ്രധാന സാക്ഷിയടക്കം വലിയ നുണയനാണെന്നാണ് ട്രംപ് പക്ഷം വാദിച്ചത്. പണം നൽകി റിപ്പോർട്ടുകൾ മുക്കിയെന്നത് നുണയാണെന്നും ട്രംപിന്‍റെ അഭിഭാഷകർ വാദിച്ചു. റിപ്പോർട്ടുകൾ മുക്കാൻ പണം കൊടുത്തത് മറച്ചു വയ്ക്കാൻ ബിസിനസ് രേഖകളിൽ തിരുത്തൽ നടത്തിയത് ഉൾപ്പെടെ 34 കുറ്റങ്ങളാണ് ട്രംപിന്റെ മേൽ ചുമത്തിയിട്ടുള്ളത്.