പെന്‍സില്‍വാനിയയില്‍ ട്രംപിന്റെ റാലിയില്‍ വെടിവയ്പ്: ട്രംപിന്റെ ചെവിക്ക് നിസ്സാര പരുക്ക്, ഒരാൾ കൊല്ലപ്പെട്ടു, അക്രമിയെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി

പെന്‍സിന്‍വാനിയയിലെ ബട്ലറിൽ നടന്ന റിപ്പബ്ളിക്കന്‍ റാലിയില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു വെടിവയ്പ് ഉണ്ടായത്. വെടിയൊച്ച കേട്ട ഉടന്‍ ട്രംപിനെ സുരക്ഷാ സംഘം പൊതിഞ്ഞു. പിന്നീട് ചെവിയില്‍ പരുക്കേറ്റ നിലയില്‍ ട്രംപിനെ സ്റ്റേജില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തേക്ക് കൊണ്ടുവരുന്നതാണ് കണ്ടത്. ട്രംപിൻ്റെ ചെവിയിലും മുഖത്തും രക്തം കാണാമായിരുന്നു.

ട്രംപിന് ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കി. ട്രംപിന്റെ പരുക്ക് ഗുരുതരമല്ലെന്ന് റിപ്പബ്ളിക്കന്‍ പാര്‍ടി വക്താക്കള്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. വെടിവയ്പ്പിൽ റാലിക്കെത്തിയ ഒരാൾ മരിച്ചു. വെടിയേറ്റ മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു.

വെടിവയ്പ്പ് കൊലപാതക ശ്രമമാണെന്ന് നിയമപാലകർ അറിയിച്ചു.
പ്രസിഡൻ്റ് ജോ ബൈഡൻ അക്രമത്തെ അപലപിക്കുകയും ട്രംപ് സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ ആശ്വസിക്കുന്നു എന്നും പ്രസ്താവനയിൽ അറിയിച്ചു. അമേരിക്കയിൽ ഇത്തരം പ്രവൃത്തികൾ വച്ചു പൊറുപ്പിക്കില്ല എന്ന് അദ്ദേഹം പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പെൻസിൽവാനിയയിലെ ബട്‌ലറിൽ വെടിവെപ്പ് നടന്ന സ്ഥലത്ത് ഫ്ബിഐ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. “അന്വേഷണം മുന്നോട്ട് പോകുകയാണ്. യുഎസ് രഹസ്യാന്വേഷണ വിഭാഗവുമായി സംയുക്തമായി പ്രവർത്തിക്കും,” ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. ഇതുവരെ അക്രമി ആരാണ് എന്ന് അറിവായിട്ടില്ല.

Donald Trump injured in Shooting at his Election Rally

Also Read

More Stories from this section

family-dental
witywide