
മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ന്യൂയോർക്ക് സിവിൽ തട്ടിപ്പ് കേസിൽ 175 മില്യൺ ഡോളർ തുകയുടെ ബോണ്ട് കെട്ടിവച്ചു. 464 മില്യൺ ഡോളർ ബോണ്ട് കെട്ടിവയ്ക്കണമെന്ന് ന്യൂയോർക്ക് കോടതി അദ്ദേഹത്തിനെതിരെ പുറപ്പെടുവിച്ച വിധിയിൽ പറഞ്ഞിരുന്നു. എന്നാൽ അപ്പീൽ കോടതിയെ സമീപിച്ചപ്പോൾ 175 മില്യൺ ഡോളറാക്കി കുറഞ്ഞു കിട്ടി. ന്യൂയോർക്ക് സിവിൽ തട്ടിപ്പ് കേസ് വിധിക്കെതിരെ ഉന്നത കോടതിയിൽ അപ്പീൽ പോകാനൊരുങ്ങുകയാണ് ട്രംപ് എന്ന് അഭിഭാഷക അലീന ഹെബ്ബ വ്യക്തമാക്കിയിട്ടുണ്ട്.
ട്രംപും മക്കളായ എറിക് ട്രംപ്, ഡോണാൾഡ് ട്രംപ് ജൂനിയർ എന്നിവരും ഈ കേസിലെ പ്രതികളാണ്. ഇവരുടെ ആസ്തി മൂല്യം പെരുപ്പിച്ച് കാട്ടി തട്ടിപ്പ് നടത്തിയെന്നാണ് ന്യൂ യോർക്ക് അറ്റോണി ജനറൽ ലെറ്റീഷ്യ ജയിംസ് കൊണ്ടുവന്ന കേസ്. 2022ലായിരുന്നു കേസ് ഫയൽ ചെയ്തത് . ഈ വർഷം ഫെബ്രുവരി 16നാണ് കേസിൻ്റെ വിധി വന്നത്. 464 മില്യൺ ഡോളർ പിഴയ്ക്കു പുറമെ ന്യൂയോർക്കിൽ മൂന്നു വർഷത്തേക്ക് ട്രംപും മക്കൾക്കും വായ്പയെടുക്കുന്നതും ബിസിനസ് നടത്തുന്നതും വിധി വഴി കോടതി തടഞ്ഞിരുന്നു.
എന്നാൽ ഇത് രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ആരോപണം. ഡെമോക്രാറ്റായ പ്രോസിക്യൂട്ടർ ട്രംപിനെ വേട്ടയാടുകയാണെന്നും ഇവർ ആരോപിക്കുന്നു.
ഉന്നത കോടതിയിൽ അപ്പീൽ നഷ്‌ടപ്പെടുകയാണെങ്കിൽ, ട്രംപിന് 464 മില്യൺ ഡോളർ നൽകേണ്ടിവരും. ആ തുകയ്ക്ക് ബോണ്ട് ഉറപ്പാക്കുന്നത് പ്രായോഗികമായി അസാധ്യമാണെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകർ അപ്പീൽ കോടതിയിൽ വാദിച്ചതിനെ തുടർന്നായിരുന്നു ബോണ്ട് തുക കുറച്ചു നൽകിയത്.
ബോണ്ട് കെട്ടിവച്ചതോടെ ട്രംപിൻ്റെ ഉടമസ്ഥതയിലുള്ള മാൻഹാറ്റനിലെ ട്രംപ് ടവറും ഫ്ലോറിഡയിലെ മാർ-എ-ലാഗോ എസ്റ്റേറ്റും ഇനി അദ്ദേഹത്തിന് നഷ്ടപ്പെടും എന്ന പേടി വേണ്ട.
“വാക്ക് പറഞ്ഞതുപോലെ , ട്രംപ് ബോണ്ട് കെട്ടിവച്ചിട്ടുണ്ട്. അപ്പീൽ കോടതി അദ്ദേഹത്തിന്റെ അവകാശങ്ങൾ നീതി പൂർവം പരിഗണിക്കുകയും ഈ അന്യായമായ വിധി റദ്ദാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.” ഒരു പ്രസ്താവനയിൽ, അദ്ദേഹത്തിൻ്റെ അഭിഭാഷക അലീന ഹബ്ബ പറഞ്ഞു.
Donald Trump posts $175million bond in New York Civil fraud case














