‘മൈ ബിഗ്ഗസ്റ്റ് മിസ്റ്റേക്ക്’ അമേരിക്കൻ പ്രസിഡന്‍റായിരുന്ന കാലത്ത് പറ്റിയ ഏറ്റവും വലിയ തെറ്റ്! സ്വയം പഴിച്ച് ട്രംപിന്‍റെ വെളിപ്പെടുത്തൽ

വാഷിംഗ്ൺ: 2016 മുതൽ 2020 വരെ അമേരിക്കൻ പ്രസിഡന്‍റായിരുന്ന കാലഘട്ടത്തിൽ തനിക്ക് സംഭവിച്ച ഏറ്റവും വലിയ തെറ്റ് എന്താണെന്ന് വെളിപ്പെടുത്തി ഡോണൾഡ് ട്രംപ് രംഗത്ത്. അമേരിക്കയിലെ ഒന്നാം നമ്പർ പോഡ്കാസ്റ്റർ ജോ റോഗനുമായി നടത്തിയ നീണ്ട അഭിമുഖത്തിലാണ് പ്രസിഡന്‍റായിരുന്ന കാലഘട്ടത്തിൽ തനിക്ക് പറ്റിയ തെറ്റ് ​ട്രംപ് വെളിപ്പെടുത്തിയത്. പ്രസിഡന്‍റ് പദത്തിലിരിക്കുമ്പോൾ താൻ ചെയ്ത ഏറ്റവും വലിയ തെറ്റ് ‘വിശ്വസ്തതയില്ലാത്ത ആളുകളെ ഓഫീസിൽ നിയമിച്ചതാണ്’ എന്നാണ് ട്രംപ് വെളിപ്പെടുത്തിയത്. ‘മൈ ബിഗ്ഗസ്റ്റ് മിസ്റ്റേക്ക്’ എന്ന് സ്വയം പഴിച്ചുകൊണ്ടാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

നിയോകോണുകൾ, മോശം ആളുകൾ അല്ലെങ്കിൽ അവിശ്വസ്തരായ ആളുകൾ എന്നാണ് ട്രംപ് അവരെ വിശേഷിപ്പിച്ചത്. തൻ്റെ മുൻ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലിയെ പരാമർശിച്ച് കൊണ്ടായിരുന്നു ​ട്രംപ് ഈ വിശേഷണം നടത്തിയത്. തൻ്റെ മുൻ ബോസ് ‘ഫാസിസ്റ്റ്’ ആണെന്ന് കഴിഞ്ഞ ദിവസം കെല്ലി ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞിരുന്നു. തൻ്റെ മുൻ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനെ ‘ഒരു വിഡ്ഢി’ എന്നും ട്രംപ് വിശേഷിപ്പിച്ചു. നവംബർ അഞ്ചിന് നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി വീണ്ടുമൊരിക്കൽ കൂടി അമേരിക്കൻ പ്രസിഡന്‍റ് പദവി സ്വപ്നം കാണുകയാണ് ട്രംപ്.

രണ്ട് വർഷം മുമ്പ് ജോ റോഗൻ ട്രംപിനെ ‘ജനാധിപത്യത്തിന് ഭീഷണി’എന്ന് വിശേഷിപ്പിക്കുകയും അദ്ദേഹത്തെ തൻ്റെ ഷോയിൽ ഉൾപ്പെടുത്താൻ വിസമ്മതിക്കുകയും ചെയ്തിരുന്നു. 14.5 ദശലക്ഷം സ്‌പോട്ടിഫൈ ഫോളോവേഴ്‌സും 17.5 ദശലക്ഷം യൂട്യൂബ് സബ്‌സ്‌ക്രൈബർമാരുമുള്ള ജോ റോഗനുമായുള്ള അഭിമുഖം തെരഞ്ഞെടുപ്പിൽ തൻ്റെ സ്വാധീനം ഉറപ്പിക്കുമെന്നാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ​ട്രംപ് പ്രതീക്ഷിക്കുന്നത്.

More Stories from this section

family-dental
witywide