
വാഷിംഗ്ടൺ: 2024 യു എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ വമ്പൻ പ്രഖ്യാപനവുമായി മുൻ പ്രസിഡന്‍റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് രംഗത്ത്. പ്രചരണത്തിന്‍റെ ആദ്യഘട്ടം മുതലെ നികുതി പരിഷ്കരണ നിർദ്ദേശങ്ങളുമായി രംഗത്തെത്തിയ ട്രംപ് വിദേശത്തുള്ള അമേരിക്കക്കാർക്കുള്ള നികുതി നിർദ്ദേശമാണ് ഇപ്പോൾ മുന്നോട്ട് വച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ താമസിക്കുന്ന അമേരിക്കക്കാർക്കുള്ള ആദായനികുതി അവസാനിപ്പിക്കുമെന്നാണ് ഡൊണാൾഡ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം.
വിദേശത്ത് താമസിക്കുന്ന എല്ലാ യു എസ് പൗരന്മാർക്കും നികുതി ബാധ്യതയില്ലാതാക്കുമെന്നാണ് ട്രംപ് വിവരിച്ചത്. ലോകത്ത് എവിടെയും താമസിക്കുന്ന അമേരിക്കൻ പൗരന്മാർ ഇൻ്റേണൽ റവന്യൂ സർവീസിൽ നികുതി വിവരങ്ങൾ ഫയൽ ചെയ്യണമെന്നതടക്കമുള്ള നിയമങ്ങളാണ് നിലവിലുള്ളത്. അമേരിക്കൻ പ്രവാസികൾ അവർ താമസിക്കുന്ന രാജ്യത്തെ ലെവികൾക്ക് പുറമേ യു എസ് നികുതികളും നൽകേണ്ടതുണ്ടെന്ന നിയമത്തിൽ മാറ്റം വരുത്തുമെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം.
‘വിദേശ അമേരിക്കക്കാരുടെ ഇരട്ട നികുതി അവസാനിപ്പിക്കുന്നതിനെ ഞാൻ പിന്തുണയ്ക്കുന്നു’ എന്ന് പറഞ്ഞ റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി, വിദേശത്ത് താമസിക്കുന്ന വോട്ടർമാരെ അഭിസംബോധന ചെയ്ത പ്രസ്താവനയിൽ വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കയിലെ നികുതി ഒഴിവാക്കാനുള്ള നടപടികൾ തുടങ്ങുമെന്നും വ്യക്തമാക്കി. ‘നമുക്ക് ഒരുമിച്ച് അമേരിക്കയെ ഒന്നാം സ്ഥാനത്ത് നിർത്താം, വോട്ടുചെയ്യാൻ രജിസ്റ്റർ ചെയ്യുക, റിപ്പബ്ലിക്കൻ പാർട്ടിക്ക് വോട്ട് ചെയ്യുക’ എന്നും ട്രംപ് ആവശ്യപ്പെട്ടു. വിദേശത്ത് താമസിക്കുന്ന ഏകദേശം 9 ദശലക്ഷം അമേരിക്കക്കാരെ ലക്ഷ്യം വച്ചാണ് ട്രംപ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്നാണ് വിലയിരുത്തൽ.