
ന്യൂഡല്‍ഹി: റഫയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്ന ഇസ്രയേലിനോട് പിന്തിരിയണമെന്ന് ലോകാരോഗ്യ സംഘടന. ‘മനുഷ്യത്വത്തിന്റെ പേരിലെങ്കിലും’, ഗാസയിലെ ഭൂരിഭാഗം ജനങ്ങളും അഭയം പ്രാപിക്കുന്ന റഫയില്‍ ആക്രമണം നടത്തരുതെന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ ശനിയാഴ്ച ഇസ്രായേലിനോട് അഭ്യര്‍ത്ഥിച്ചു.
‘റഫയ്ക്കെതിരായ ആക്രമണവുമായി മുന്നോട്ട് പോകാനുള്ള ഇസ്രായേലി പദ്ധതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ എനിക്ക് കടുത്ത ആശങ്കയുണ്ട്, ജനസാന്ദ്രതയുള്ള ഈ പ്രദേശത്ത് അക്രമം വര്‍ധിക്കുന്നത് കൂടുതല്‍ മരണങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും ഇടയാക്കും’, ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എക്സില്‍ എഴുതി. ‘മനുഷ്യത്വത്തിന്റെ പേരില്‍, മുന്നോട്ട് പോകരുതെന്നും പകരം സമാധാനത്തിനായി പ്രവര്‍ത്തിക്കണമെന്നും ഞങ്ങള്‍ ഇസ്രായേലിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധം മുറിവേല്‍പ്പിച്ച ഗാസയില്‍ നിന്നും ജനങ്ങളിലേറിയപങ്കും റഫയില്‍ അഭയം പ്രാപിച്ചിരുന്നു. എന്നാല്‍ ആളുകള്‍ ഇവിടെനിന്നും ഒഴിഞ്ഞുപോകണമെന്നും ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെതിരെയാണ് ഡബ്ല്യുഎച്ച്ഒ അടക്കം രംഗത്തുവന്നത്. മുമ്പ് ഐക്യരാഷ്ട്രസഭയും അമേരിക്കയും ഇത്തരം സൈനിക നടപടിക്കെതിരെ ആവര്‍ത്തിച്ച് ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് ഇസ്രായേല്‍ സൈന്യം ആസൂത്രണം ചെയ്ത ആളുകളെ ഒഴിപ്പിക്കല്‍ പ്രായോഗിക പരിഹാരമല്ലെന്നും അദ്ദേഹം വാദിച്ചു. റഫയിലെ 1.2 ദശലക്ഷം ആളുകള്‍ക്ക് സുരക്ഷിതമായി മാറാന്‍ ഒരിടവുമില്ലെന്നും പലയാളുകളും വളരെ ദുര്‍ബലരും വിശക്കുന്നവരും രോഗികളുമാണെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ഈ മാനുഷിക ദുരന്തം കൂടുതല്‍ വഷളാക്കാന്‍ അനുവദിക്കരുതെന്നും ഇസ്രയേലിന് മുന്നറിയിപ്പ് നല്കി.
എന്നാല്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈന്യത്തിന്റെ റഫയിലെ നടപടിക്കുള്ള പദ്ധതികള്‍ അംഗീകരിച്ചതായി വെള്ളിയാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഇതിന്റെ വിശദാംശങ്ങളെന്തെന്നോ, സമയമോ എപ്പോഴെന്ന് വ്യക്തമല്ല.