തെറ്റുതിരുത്താന്‍ അവസരം തരണം, സ്ഥിരം കുറ്റക്കാരനായി കാണരുത്: സഞ്ജു ടെക്കി

ആലപ്പുഴ: കാറില്‍ സ്വിമ്മിംഗ് പൂളൊരുക്കി പൊതു നിരത്തിലൂടെ വാഹനമോടിച്ച് കേസിലകപ്പെട്ട സഞ്ജു ടെക്കിയെന്ന യൂട്യൂബര്‍ തനിക്ക് തെറ്റുതിരുത്താന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത്. സഞ്ജുവിനെ മുഖ്യാതിഥിയായി ക്ഷണിച്ച പരിപാടിയില്‍ നിന്നും ഒഴിവാക്കിയതോടെയാണ് പ്രതികരണം എത്തിയത്.

തെറ്റുതിരുത്താന്‍ അവസരം തരണമെന്നും തന്നെ ഒരു സ്ഥിരം കുറ്റക്കാരനായി സമൂഹം കാണരുതെന്നുമാണ് സഞ്ജു പറയുന്നത്. സ്‌കൂളിലെ പരിപാടിയില്‍നിന്ന് ഒഴിവാക്കിയതില്‍ സങ്കടമുണ്ടെന്നും തെറ്റ് എറ്റുപറഞ്ഞ് വിദ്യാര്‍ഥികളോട് സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും സഞ്ജു പറഞ്ഞു.

ആലപ്പുഴ മണ്ണഞ്ചേരിയിലുള്ള സര്‍ക്കാര്‍ സ്‌കൂളിലെ മഴവില്ല് എന്ന പരിപാടിയില്‍ കുട്ടികളുടെ മാസിക പ്രകാശന ചടങ്ങിലാണ് സഞ്ജു ടെക്കിയെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്. എന്നാല്‍ റോഡ് നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ടയാളെ അതിഥിയാക്കിയത് വലിയ വിവാദമാകുകയും പലരും എതിര്‍ അഭിപ്രായവുമായി എത്തുകയുമായിരുന്നു. ഇതേ തുടര്‍ന്ന് സഞ്ജുവിനെ പരിപാടിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

ടാറ്റാ സഫാരി കാറില്‍ പൂളൊരുക്കി പൊതുനിരത്തില്‍ വാഹനമോടിച്ച് അതിന്റെ ദൃശ്യങ്ങളെടുത്ത് യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയുമായിരുന്നു സഞ്ജു. ഇതേ തുടര്‍ന്ന് ആജീവനാന്ത വിലക്കാണ് സഞ്ജുവിന്റെ ലൈസന്‍സിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ എന്‍ഫോഴ്മെന്റ് ആര്‍.ടി.ഒ.ആണ് സഞ്ജു ടെക്കിക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചത്. വിഷയത്തില്‍ കോടതിയും ഗതാഗതമന്ത്രിയുമടക്കം സഞ്ജുവിനെതിരെ രംഗത്തെത്തിയിരുന്നു.

More Stories from this section

family-dental
witywide