
ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളിലെ വോട്ടിങ് രീതി ഇവിടെ പ്രാവര്‍ത്തികമല്ലെന്നും നിലവിലുള്ള സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും സുപ്രീം കോടതി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുമ്പോള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം (ഇ.വി.എം) 100 ശതമാനം വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വി.വി.പാറ്റ്) രസീതുകള്‍ കൂടി എണ്ണണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹര്‍ജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.
വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നതിനോടു യോജിച്ച സുപ്രീം കോടതി, മനുഷ്യ ഇടപെടലുള്ള തിരഞ്ഞെടുപ്പിനാണു പ്രശ്നങ്ങളെന്നു വാക്കാൽ നിരീക്ഷിച്ചു. ‘മനുഷ്യ ഇടപെടലുണ്ടായാൽ തിരഞ്ഞെടുപ്പിൽ അവരുടെ ബലഹീനത കൂടി പ്രകടമാകാം. പക്ഷപാതവും സംഭവിക്കാം. യന്ത്രമെങ്കിൽ കൃത്യമായ ഫലം ലഭിക്കും’ ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് പറഞ്ഞു.
പേപ്പർ ബാലറ്റിലേക്ക് മടങ്ങുന്നതുൾപ്പെടെ വോട്ടിങ് പ്രക്രിയ കൂടുതൽ സുതാര്യമാക്കുന്നതിനായി മൂന്ന് നിർദേശങ്ങളായിരുന്നു അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയുടെ മുന്നിൽ അവതരിപ്പിച്ചത്. വി.വി.പാറ്റ് ഗ്ലാസ് പുറത്ത് നിന്നും വ്യക്തമായി കാണാൻ സാധിക്കുന്നതായിരിക്കണം. കൂടാതെ, വി.വി.പാറ്റ് സ്ലിപ്പുകൾ വോട്ടർമാർക്ക് നൽകാമെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി.
തങ്ങളുടെ പ്രായം 60കളിൽ ആണെന്നും ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്തിയിരുന്ന വോട്ടെടുപ്പിൽ എന്താണു സംഭവിച്ചിരുന്നതു തങ്ങൾക്കും ബോധ്യമുണ്ടെന്നും അതൊന്നും മറന്നിട്ടില്ലെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന നിരീക്ഷിച്ചു. യന്ത്രം ഉപയോഗിച്ചു തിരഞ്ഞെടുപ്പു നടത്തിയിരുന്ന മിക്ക യൂറോപ്യൻ രാജ്യങ്ങളും തിരികെ ബാലറ്റിലേക്കു മടങ്ങിയെന്ന് ഹർജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിനു വേണ്ടി പ്രശാന്ത് ഭൂഷൺ വാദിച്ചു. മറ്റു രാജ്യങ്ങളിലെ സ്ഥിതി വച്ചു ഇന്ത്യയിലെ വോട്ടെടുപ്പിനെ താരതമ്യപ്പെടുത്താൻ കഴിയില്ലെന്നു കോടതി പ്രതികരിച്ചു. ജർമനിയിൽ 6 കോടി വോട്ടർമാരുള്ളപ്പോൾ, ഇന്ത്യയിൽ 97 കോടി വോട്ടർമാരുണ്ടെന്നു കോടതി വ്യക്തമാക്കി.












