കേരള തീരത്തിന് അരികിലായി ഇരട്ട ന്യൂനമര്‍ദ്ദം; അതിതീവ്ര മഴക്ക് സാധ്യത, റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: കേരള തീരത്തിന് അരികിലായി അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ഇരട്ട ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. കേരളത്തില്‍ മഴ ശക്തമാകുകയാണ്.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി കൂടി നാളത്തോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം വിലയിരുത്തി. കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

എറണാകുളത്തും തൃശ്ശൂരിലും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നിരീക്ഷിച്ച കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തതോ അതിശക്തമായതോ ആയ മഴയും അതിശക്തമായ മഴയും രേഖപ്പെടുത്തി. ഇന്നും ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴ തുടരുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു.

ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം, തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മെയ് 31 ന് കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ബുധനാഴ്ച പ്രവചിച്ചു.

More Stories from this section

family-dental
witywide