
ന്യൂയോർക്ക് ∙ ഡോ. അജു ഉമ്മനെ ഫൊക്കാനയുടെ അഡീഷനൽ അസോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ലോങ്ങ് ഐലൻഡ് മലയാളി അസോസിയേഷൻ (ലിമ-LIMA) നാമനിർദ്ദേശം ചെയ്തു. വിദ്യാഭ്യാസ കാലത്തു തന്നെ ബാലജനസഖ്യം കൊട്ടാരക്കര യൂണിറ്റ് പ്രസിഡന്‍റ് സ്ഥാനം വഹിച്ചിട്ടുള്ള വ്യക്തിയാണ് ഡോ. അജു. നിലവിൽ ഫൊക്കാനയുടെ നാഷനൽ കമ്മറ്റി അംഗമായുള്ള അജുവിന്‍റെ പ്രവർത്തന ശൈലി മനസിലാക്കിയ ലിമ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് അദ്ദേഹത്തെ അഡീഷനൽ അസോഷ്യേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുവാൻ നാമനിർദ്ദേശം ചെയ്തത്.
ഈ മാസം 18 മുതൽ 21 വരെ വാഷിങ്ടൻ ഡിസിയിൽ അതിഗംഭീരമായി സംഘടിപ്പിക്കപ്പെടുന്ന ഫൊക്കാനാ ദ്വൈ വാർഷിക കോൺഫറൻസിൽ 19-ന് വെള്ളിയാഴ്ചയാണ് വിവിധ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ ഫൊക്കാനാ ജനറൽ സെക്രട്ടറിയും അടുത്ത രണ്ടു വർഷത്തേക്ക് പ്രസിഡന്‍റ് സ്ഥാനാർഥിയായി മത്സരിക്കുന്നതുമായ ഡോ. കലാ ഷഹിയുടെ പാനലിലാണ് ഡോ. അജുവും മത്സരിക്കുന്നത്.
ഡോ. അജു ലോങ്ങ് ഐലൻഡ് മലയാളി അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗമായും, ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നയ്മ-NYMA) എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായും, കേരളാ സമാജം ഓഫ് ഗ്രേയ്റ്റർ ന്യൂയോർക്കിന്‍റെ സജീവ പ്രവർത്തകൻ എന്ന നിലയിലും ന്യൂയോർക്കിലെയും മറ്റ് സമീപ സംസ്ഥാനങ്ങളിലെയും മലയാളികളുടെ ഇടയിൽ സുപരിചിതനാണ്.
ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും കാർഡിയോ റെസ്‌പിറ്ററിയിലും ഹെൽത്ത് അഡ്മിനിസ്ട്രേഷനിലും ബിരുദം കരസ്ഥമാക്കിയ ഡോ. അജു റോയൽ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. ന്യൂയോർക്ക് ഗ്ലെൻകോവിൽ നോർത്ത് വെൽ ഹെൽത്ത് ഹോസ്പിറ്റലിൽ സേവനം ചെയ്യുന്നു.
“ഇത്രയും കഴിവുള്ള, നേതൃത്വ പാടവവും സംഘടനാ വൈദക്ത്യവുമുള്ള ഡോ. അജു ഫൊക്കാനക്ക് ഒരു മുതൽക്കൂട്ടാകും എന്നതിനാൽ അദ്ദേഹത്തെ അഡീഷനൽ അസോസിയേറ്റ് സെക്രട്ടറി ആയി തിരഞ്ഞെടുക്കണമെന്ന് അഭ്യർഥിക്കുന്നു.” പാനൽ നേതാവും പ്രസിഡന്‍റ് സ്ഥാനാർഥിയുമായ ഡോ. കലാ ഷഹി ന്യൂയോർക്കിൽ പ്രസ്താവിച്ചു.















