
ന്യൂയോർക്ക്: മലയാളിയായി ഡോ. ആനി പോൾ ന്യൂയോർക്കിലെ റോക്ക് ലാൻഡ് കൌണ്ടി ലെജിസ്ലേച്ചറായി നാലാം തവണയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. റോക്ക്‌ലാന്‍ഡ് കൗണ്ടിയുടെ നിയമസഭാ വൈസ് ചെയറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വനിതയെന്ന ഖ്യാതിയും ആനി പോളിന് സ്വന്തം. കഴിഞ്ഞ നാല് വര്‍ഷമായി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയുണ്ടെന്നും വൈസ് ചെയര്‍ സ്ഥാനത്തും സമൂഹത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനം തുടരുമെന്നും ആനി പോൾ പറഞ്ഞു.
നാലാം തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡോ. ആനി പോള്‍ വൈസ് ചെയറായി ചുമതലയേറ്റു. കഠിനാധ്വാനം ചെയ്താല്‍ വിദേശമണ്ണിലെ രാഷ്ട്രീയത്തിലും ഇന്ത്യക്കാര്‍ക്ക് ചുവടുറപ്പിക്കാനാകുമെന്ന് ആനി പോൾ പറഞ്ഞു. മകൾ നടാഷായുടെ കയ്യിലെ ബൈബിളില്‍ തൊട്ട് സത്യപ്രതിഞ്ജ ചെയ്ത ഡോ. ആനി പോള്‍ ഇത്തരമൊരു സ്ഥാനത്തിനു തന്നെ പരിഗണിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു.
ജനുവരി മൂന്നാം തിയതി ന്യൂസിറ്റിയിലെ കൗണ്ടി ഹാളിൽ വച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു. വിവിധ സംസ്ഥാനകളിൽ നിന്നും ആനി പോളിന്റെ കുടുംബാംഗങ്ങളും, ഒട്ടേറെ സംഘടനാ പ്രവർത്തകരും, സുഹൃത്തുക്കളും സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യംവഹിക്കാൻ എത്തി.
അമേരിക്കൻ ഭരണഘടനയും നിയമങ്ങളും പാലിക്കുന്നതിനും, സംരക്ഷിക്കുന്നതിനും പുറമെ കൗണ്ടി നിയമങ്ങളും ചട്ടങ്ങളും സംരക്ഷിക്കുകയും ജനങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് വലതുകരമുയർത്തി മറ്റ് ലെജിസ്ലേറ്റർമാർക്കൊപ്പം ആനി പോൾ സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് ഡിസ്ട്രിക്റ്റ് അടിസ്ഥാനത്തിൽ കൗണ്ടി ക്ലാർക്ക് ഓരോരുത്തരായി ആമുഖ പ്രസംഗം നടത്തുകയും, റജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു.
ചെയർമാൻ ജയ് ഹൂഡിനേയും അദ്ദേഹത്തിന്റെ മഹത്തായ നേതൃത്വത്തെയും ആനി പോൾ അഭിനന്ദിച്ചു. സഭ തന്നിലര്‍പ്പിച്ച വിശ്വാസത്തിനു നന്ദി പറഞ്ഞു. മകൾ നടാഷയോടൊപ്പം മറ്റു കുടുംബാംഗങ്ങൾക്കും, സുഹൃത്തുക്കളും ചടങ്ങിൽ ഒപ്പം ഉണ്ടായിരുന്നു.