ഡോ. കൃഷ്ണ കിഷോറിന് പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഔട്ട് സ്റ്റാൻഡിംഗ് അലുമിനി അച്ചീവ്മെന്റ് പുരസ്‌കാരം സമ്മാനിച്ചു

പെൻസിൽവാനിയ: പെൻസിൽവാനിയ യൂണിവേഴ്സിറ്റിയുടെ ഔട്ട് സ്റ്റാൻഡിംഗ് അലുമിനി അച്ചീവ്മെന്റ് അവാർഡ് ഡോ. കൃഷ്ണ കിഷോറിന് സമ്മാനിച്ചു. കോർപ്പറേറ്റ് രംഗത്തും ടെലി കമ്മ്യൂണിക്കേഷൻ ഗവേഷണ രംഗത്തും മാധ്യമ മേഖലയിലും പൊതുരംഗത്തും നൽകിയ സേവനങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം നൽകിയത്. യൂണിവേഴ്സിറ്റി ഡീൻ മേരി ഹാർഡിൻ അധ്യക്ഷത വഹിച്ച പ്രൌഢഗംഭീരമായ ചടങ്ങിലാണ് പുരസ്കാരദാനം നടന്നത്.

പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലാണ് ഡോ. കൃഷ്ണ കിഷോർ പിഎച്ച്ഡി നേടുകയും ഫാക്കല്‍റ്റി അംഗമായി പഠിപ്പിക്കുകയും ചെയ്തത്. സതേണ്‍ ഇല്ലിനോയി സര്‍വകലാശാലയില്‍ നിന്ന് മാസ്റ്റര്‍ ഓഫ് സയന്‍സ് ഡിഗ്രിയും നേടിയിട്ടുണ്ട്.

അടുത്തിടെ ന്യൂ ജേഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി, കൃഷ്ണ കിഷോറിനെയും ഭാര്യ വിദ്യ കിഷോറിനെയും പുതുതായി രൂപീകരിച്ച ന്യു ജേഴ്സി ഇന്ത്യ കമ്മീഷനില്‍ അംഗങ്ങളായി നിയമിച്ചിരുന്നു. കമ്മീഷനിലെ ഏക ദമ്പതികളാണ് ഇവര്‍.

വാര്‍ത്താ അവതാരകനായി ആകാശവാണിയില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച കൃഷ്ണ കിഷോര്‍ ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് നോര്‍ത്ത് അമേരിക്കന്‍ ഹെഡ് ആണ്. ആകാശവാണിയില്‍ നൂറില്‍ അധികം ബുള്ളറ്റിനുകള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്. മലയാളത്തിന്റെ പ്രിയ നടന്‍ പ്രേം നസീറിന്റെ മരണ വാര്‍ത്ത ആകാശവാണി സംപ്രേഷണം ചെയ്തത് ഡോ. കൃഷ്ണ കിഷോറിന്റെ ശബ്ദത്തിലൂടെയായിരുന്നു എന്നതും ശ്രദ്ധേയം.

ദിവസത്തില്‍ പലവട്ടം അമേരിക്കന്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പുറമെ, ജനപ്രിയമായ അമേരിക്ക ഈ ആഴ്ച എന്ന പരിപാടിയുടെ രചനയും നിര്‍മ്മാണവും അവതരണവും എല്ലാം അദ്ദേഹം തന്നെയാണ്. യു.എസ്. വീക്കിലി റൗണ്ട് അപ് എന്ന ഏഷ്യാനെറ്റിലെ പരിപാടി വിജയകരമായതും ഡോ. കൃഷ്ണ കിഷോറിന്റെ അവതരണത്തിലൂടെ തന്നെ. പതിനഞ്ചു വര്‍ഷത്തോളം നീണ്ട ആ യാത്രയില്‍ എഴുനൂറിലധികം എപ്പിസോഡുകള്‍ അദ്ദേഹം എഴുതുകയും അവതരിപ്പിക്കുകയും ചെയ്തു.

ന്യൂയോര്‍ക്കില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സില്‍ സീനിയര്‍ ഡയറക്ടറായി ജോലി ചെയ്യുകയാണിപ്പോള്‍. 15 വര്‍ഷം ഡിലോയിറ്റില്‍ ജോലി ചെയ്തു.

ഡോ. കൃഷ്ണ കിഷോറിനു മാധ്യമ രംഗത്തെ മികവിന് ഇരുപതിലധികം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. യു. എന്‍. അക്രഡിറ്റേഷന്‍, അമേരിക്കന്‍ ഗവണ്മെന്റ് അക്രഡിറ്റേഷന്‍ തുടങ്ങിയവയുള്ള മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം. 2003-ല്‍ തുടങ്ങിയ യു.എസ്. വീക്കിലി റൗണ്ടപ്പിലെ പ്രകടനത്തിലൂടെ മികച്ച വാര്‍ത്താവതാരകനുള്ള പുരസ്‌കാരവും നേടി. ലളിതമായ ഭാഷയിലുള്ള അദ്ദേഹത്തിന്റെ അവതരണം മലയാളത്തിന്റെ ഏറ്റവും വലിയ വിമര്‍ശകനും നിരൂപകനുമായ സുകുമാര്‍ അഴീക്കോടിന്റെ പ്രശംസക്കും അര്‍ഹനാക്കി. ലോകത്തിലെ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡോ. കൃഷ്ണ കിഷോര്‍ ഒരു വലിയ മാതൃകയാണെന്നാണ് അഴീക്കോട് അന്ന് പറഞ്ഞത്.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഗ്ലോബല്‍ ഹെഡ് ഓഫ് എച്ച് ആര്‍ ആണ് ഭാര്യ വിദ്യ കിഷോര്‍. ബോസ്റ്റണ്‍ കോളേജ് ലോ സ്‌കൂളില്‍ നിയമ (ഡോക്ടര്‍ ഓഫ് ജൂറിസ്പ്രുഡന്‍സ്) വിദ്യാര്‍ത്ഥിയാണ് മകള്‍ സംഗീത.

More Stories from this section

family-dental
witywide