മന്ത്രി വീണയുടെ ഭര്‍ത്താവ് സൂപ്പര്‍ മന്ത്രി ചമയുന്നുവെന്ന് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് ഓഫീസ് കയ്യേറ്റ ഭൂമിയിലെന്ന് ജോര്‍ജ് ജോസഫും

പത്തനംതിട്ട: പത്തനംതിട്ട – കൊടുമണ്‍ റോഡ് അലൈന്‍മെന്റ് വിവാദത്തില്‍ കോണ്‍ഗ്രസും മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫും തമ്മില്‍ സംഘര്‍ഷം. കൈയേറ്റം ഉണ്ടെന്ന് ആരെങ്കിലും തെളിയിച്ചാല്‍ അവര്‍ക്ക് താന്‍ തന്റെ കെട്ടിടം എഴുതി നല്‍കുമെന്ന് ജോര്‍ജ് ജോസഫ് പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ ഭര്‍ത്താവ് സൂപ്പര്‍ മന്ത്രി ചമയുകയാണെന്ന് പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ ആരോപിച്ചു.

തനിക്കെതിരെ ഉയര്‍ന്ന കയ്യേറ്റ ആരോപണത്തില്‍ വെല്ലുവിളി ഏറ്റെടുത്ത വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വച്ച് തന്റെ കെട്ടിടത്തിന് മുന്നിലെ റോഡിന്റെ വീതി അളന്ന് തെളിയിക്കുകയും ചെയ്തു. തുടര്‍ന്ന് തനിക്കെതിരെ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസിന്റെ കൊടുമണ്ണിലെ ഓഫിസ് അളക്കാന്‍ ശ്രമിച്ചതോടെ പ്രതിഷേധവും സംഘര്‍ഷവും ഉണ്ടാകുകയായിരുന്നു. റവന്യൂ അധികൃതര്‍ പുറമ്പോക്കും റോഡും അളക്കുന്നതിനിടെ അതിനൊപ്പം സമാന്തരമായി ജോര്‍ജ് ജോസഫും റോഡും കോണ്‍ഗ്രസ് ഓഫിസിന്റെ മുന്‍വശവും അളക്കാന്‍ ശ്രമിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. റോഡ് അളക്കേണ്ടത് റവന്യൂ അധികൃതരാണെന്നും മന്ത്രിയുടെ ഭര്‍ത്താവല്ലെന്നും ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം.

ഓടയുടെ അലൈന്‍മെന്റ് മാറ്റിയതില്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച ജോര്‍ജ് ജോസഫ് കോണ്‍ഗ്രസ് ഓഫിസിന്റെ മുന്‍വശത്ത് 23 മീറ്റര്‍ വീതിയുണ്ടോയെന്നാണ് അളന്ന് പരിശോധിച്ചത്. 17 മീറ്ററാണ് ജോര്‍ജ് ജോസഫിന്റെ കെട്ടിടത്തിന് മുന്നിലെ റോഡിന്റെ വീതി. ഇത് മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് അദ്ദേഹം അളന്ന് തെളിയിക്കുകയായിരുന്നു.

അതേസമയം, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് പുറമ്പോക്കിലാണെന്നു കാട്ടി ജോര്‍ജ് ജോസഫ് കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

More Stories from this section

family-dental
witywide