
ദുബായ്: രാജകുമാരിയും ദുബായ് ഭരണാധികാരിയുടെ മകളുമായ ശെയ്ഖ മഹ്റ ബിൻത് ശെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ഭർത്താവ് ശെയ്ഖ് മനയുമായി വിവാഹ ബന്ധം വേർപിരിയുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ദുബായ് രാജകുമാരി ശെയ്ഖ മെഹ്‌റ പോസ്റ്റ് ചെയ്ത ഒരു സന്ദേശമാണ് പുതിയ വാർത്തകൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയിരിക്കുന്നത്.
“പ്രിയപ്പെട്ട ഭർത്താവേ, താങ്കൾ മറ്റ് കൂട്ടുകാർക്കൊപ്പം തിരക്കിലായതിനാൽ ഞാൻ ഇവിടെ താങ്കളുമായുള്ള വിവാഹ ബന്ധം വേർപിരിയുന്നതായി പ്രഖ്യാപിക്കുന്നു. ഞാൻ താങ്കളെ ഡിവോഴ്സ് ചെയ്യുന്നു. നന്നായിരിക്കുക.
മുൻ ഭാര്യ,” ശെയ്ഖ മഹ്റ ബിൻത് ശെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
രണ്ടുമാസം മുമ്പാണ് ഇരുവർക്കും ആദ്യ കുഞ്ഞ് ജനിച്ചത്. ദിവസങ്ങൾക്കു മുൻപേ മഹ്‌റ കുഞ്ഞിനൊത്തുള്ള ചിത്രം പങ്കുവെച്ച് ‘ഞങ്ങൾ രണ്ടു പേര്’ എന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് വേർപിരിയൽ പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റ്.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൻ്റെ വൈസ് പ്രസിഡൻ്റിൻ്റെയും പ്രധാനമന്ത്രിയുടെയും ദുബായ് ഭരണാധികാരിയുടെയും മകളാണ് ശൈഖ മഹ്‌റ. സ്ത്രീശാക്തീകരണത്തിനും യുഎഇയിലെ പ്രാദേശിക ഡിസൈനർമാർകു വേണ്ടിയും മഹ്‌റ പ്രവർത്തിച്ചിട്ടുണ്ട്.