
കൊല്ലം: എസ് എഫ് ഐ പ്രവർത്തകയായ കോളേജ് വിദ്യാർഥിനിയുടെ പരാതിയിൽ ഡി വൈ എഫ് ഐ നേതാവിനെ കൊല്ലം ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് 9 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ പടിഞ്ഞാറേ കല്ലട കോയിക്കൽ ഭാഗം സ്വദേശിയും ഡി വൈ എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ വിശാഖാണ് അറസ്റ്റിലായത്. പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പെടെ ചുമത്തിയാണ് അറസ്റ്റെന്ന് പൊലീസ് വ്യക്തമാക്കി.
ശനിയാഴ്ചയാണ് പെൺകുട്ടി ശാസ്താംകോട്ട പൊലീസിൽ പരാതി നൽകിയത്. 2022 ഒക്ടോബറിലാണ് വിശാഖ് പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നത്. എസ് എഫ് ഐയുടെ മാതൃകം പരിപാടിക്കിടെയാണ് ഇരുവരും ആദ്യം കാണുന്നത്. ശേഷംപ്രണയത്തിലായി. വിവാഹം ചെയ്യാമെന്ന് വിശാഖ് പെൺകുട്ടിയ്ക്ക് ഉറപ്പ് നൽകി. പിന്നീട് പലപ്പോഴായി പലവിധ ആവശ്യങ്ങൾക്ക് ഒമ്പത് ലക്ഷം രൂപ പെൺകുട്ടി സ്കൂൾ അധ്യാപികയായ അമ്മയുടെ ഗൂഗിൾ പേ വഴി കൈമാറി. വിശാഖിൻ്റെ ബുള്ളറ്റിൻ്റെ തവണകൾ അടച്ചത് പെൺകുട്ടിയായിരുന്നു. മാല പണയം വയ്ക്കാൻ വാങ്ങിയും അതിൻ്റെ പണം പെൺകുട്ടിയെ കൊണ്ട് അടപ്പിച്ചും കബളിപ്പിച്ചു. മൂന്ന് ലക്ഷം രൂപ നേരിട്ട് കൈമാറിയെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി.
സ്ഥിരം മദ്യപാനിയായ വിശാഖിനെതിരെ ശാസ്താംകോട്ട പൊലീസിൽ അടിപിടി കേസുണ്ട്. മറ്റൊരു പെൺകുട്ടിയുമായി വിശാഖ് അടുപ്പത്തിലായതോടെയാണ് എസ് എഫ് ഐ പ്രവർത്തക പൊലീസിൽ പരാതി നൽകിയത്. ബലാൽസംഗം, പട്ടികജാതി പീഡനം, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സമാനമായ മറ്റൊരു പരാതിയും വിശാഖിനെതിരെയുണ്ടായിരുന്നെങ്കിലും ഒത്തുതീർപ്പായിരുന്നു എന്നും വിവരമുണ്ട്.
DYFI leader arrested in sexual assault case