മസനഗുഡി വഴി ഊട്ടിയിലേക്കാണോ? ഏതുവഴി പോയാലും ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് ഇനി നിയന്ത്രണം; ഇ-പാസ് നിര്‍ബന്ധം

ചെന്നൈ: അവധി ആഘോഷിക്കാന്‍ ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ പ്ലാന്‍ ചെയ്തവരാണെങ്കില്‍ ശ്രദ്ധിക്കുക. ഈ വിനോദസഞ്ചാര മേഖലകള്‍ സന്ദര്‍ശിക്കാന്‍ വാഹനങ്ങള്‍ക്ക് ഇ-പാസ് ഏര്‍പ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. മെയ് ഏഴുമുതല്‍ ജൂണ്‍ 30 വരെയാണ് പാസ് നിര്‍ബന്ധമാക്കുക. വിനോദസഞ്ചാരികളുടെ ആധിക്യം മേഖലയില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്ന ഹര്‍ജിയില്‍ ജസ്റ്റിസുമാരായ എന്‍ സതീഷ് കുമാര്‍, ഡി ഭരത ചക്രവര്‍ത്തി എന്നിവരടങ്ങിയ പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഇവിടെ എത്തുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ ഇ-പാസ് സംവിധാനം ജില്ലാ ഭരണകൂടങ്ങളെ സഹായിക്കുമെന്നും ഇത് അവലോകനം ചെയ്ത് ഭാവിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. ചെക്ക്പോസ്റ്റുകള്‍ക്ക് സമീപം മണിക്കൂറുകളോളം വാഹനങ്ങള്‍ കൂട്ടമായി കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും ഇന്ധനം ലാഭിക്കാനും കാര്‍ബണ്‍ ബഹിര്‍ഗമനം തടയാനും ഇത് സഹായിക്കും.

ഇക്കാര്യത്തില്‍ രാജ്യവ്യാപകമായി വിശദമായ പരസ്യം നല്‍കണമെന്നും നീലഗിരി, ദിണ്ടിഗല്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിര്‍ദേശം. ഒരു ദിവസം രണ്ട് സ്ഥലങ്ങളിലേക്കും വരുന്ന വാഹനങ്ങളുടെ കണക്കുകള്‍ ഭയാനകമാണെന്ന് കോടതി പറഞ്ഞു. ഇത് ജനജീവിതത്തെയും പരിസ്ഥിതി-വന്യജീവി എന്നിവയെയും പ്രതികൂലമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, ഒരു ദിവസം എത്ര പേര്‍ക്ക് പ്രവേശനം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടില്ല. ഏതൊക്കെ തരത്തിലുള്ള വാഹനങ്ങളാണ് എത്തുന്നത്, ഇതില്‍ എത്ര സഞ്ചാരികള്‍ എത്തുന്നുണ്ട്, ഇവര്‍ രാത്രി തങ്ങുന്നുണ്ടോ തുടങ്ങിയ വിവരങ്ങള്‍ ജില്ലാ ഭരണകൂടങ്ങള്‍ ശേഖരിക്കും. പ്രദേശവാസികള്‍ക്ക് ഇ-പാസ് നിയന്ത്രണം ബാധകമല്ല.