
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തെ(സിഎഎ) പിന്തുണക്കുന്നുവെന്നും മുസ്‍ലിംകളെ ഒഴിവാക്കിയത് ശരിയായ തീരുമാനമാണെന്നും ബിജെപി അനുഭാവിയായ മെട്രോമാൻ ഇ. ശ്രീധരൻ. മീഡിയ വൺ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു ഇ. ശ്രീധരന്റെ അഭിപ്രായ പ്രകടനം. ഇനി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്നു പറഞ്ഞ അദ്ദേഹം, നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തണമെന്നാണ് ആഗ്രഹമെന്നും വ്യക്തമാക്കി.
സിഎഎ മതത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യുന്ന കാര്യങ്ങളല്ല. അങ്ങനെ മുദ്ര കുത്തേണ്ടതില്ല. ഇത് രാജ്യത്തിന് ആവശ്യമുള്ള കാര്യങ്ങളാണെന്നും ഇ. ശ്രീധരൻ പറഞ്ഞു.
“സിഎഎയിൽ മുസ്‍ലിംകളെ ഒഴിച്ചുനിർത്തുന്നത് ശരിയാണ്. സിഎഎ ഒരു വിഭാഗക്കാർക്ക് കൊടുക്കുന്നത് എന്തുകൊണ്ടാണെന്ന് നമ്മൾ ആലോചിക്കണം. അവർ മറ്റു രാജ്യങ്ങളിൽനിന്ന് മടങ്ങിവന്ന അവിടുത്തെ ന്യൂനപക്ഷക്കാരാണ്. മുസ്‍ലിം രാജ്യങ്ങളിൽനിന്നു വന്ന ആർക്കാരാണ് അധികവും. അവിടെ അവർക്ക് നിൽക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ടാണ് ഓടിവന്നത്. പത്തും പതിനഞ്ചും കൊല്ലം മുമ്പൊക്കെ വന്നയാളുകളാണ്. അവർക്ക് നമ്മൾ പൗരത്വം കൊടുത്തില്ലെങ്കിൽ പിന്നെ വേറെ ഏത് രാജ്യമാണ് കൊടുക്കുക?”
“മുസ്‍ലിംകൾക്ക് പൗരത്വം കൊടുക്കേണ്ട ആവശ്യമെന്താണ്? പാക്കിസ്ഥാനിലും ബംഗ്ലാദേശിലുമൊക്കെയുള്ള മുസ്‍ലിംകൾ അവരുടെ ഇഷ്ടപ്രകാരം പോയി താമസിക്കുന്നവരാണ്. അവർക്ക് എല്ലാ സൗകര്യങ്ങളും അവിടെയുണ്ട്. അവരെ ഓടിക്കുന്നില്ല. അവിടെ നിലനിൽപില്ലാതെയെത്തുന്നവരെ, അവർ ഇന്ത്യയെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ മതം നോക്കാതെ അവരെയും പരിഗണിക്കണം. ആ ഘട്ടം എത്തിയിട്ടില്ല. ആരും വന്നിട്ടില്ല ഇതുവരെ. ഇന്ത്യയിൽ വന്നുകേറിയ എല്ലാവർക്കും പൗരത്വം കൊടുക്കുകയാണെങ്കിൽ എന്തായിരിക്കും ഇവിടുത്തെ സ്ഥിതി? വളരെ കാലമായി വന്നു കാത്തിരിക്കുന്നവർക്ക് കൊടുക്കണം. അവർ കുറച്ചു പേരേയുള്ളൂ,” ഇ ശ്രീധരൻ പറഞ്ഞു.