ഇഡിയുടെ ഏഴാം നീക്കം, കെജ്രിവാളിന് നോട്ടീസ്; തിങ്കളാഴ്ച ദില്ലി മുഖ്യമന്ത്രി എന്തുചെയ്യും?

ദില്ലി: ദില്ലി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് വീണ്ടും ഇ ഡിയുടെനോട്ടീസ്. മദ്യനയ അഴിമതിക്കേസിൽ ഹാജരാകണമെന്ന് കാട്ടി ഇത് ഏഴാം തവണയാണ് ഇ ഡി കെജ്രിവാളിന് നോട്ടീസ് അയച്ചിരിക്കുന്നത്. വരുന്ന തിങ്കളാഴ്ച്ച ഹാജരാകണമെന്നാണ് ഇ ഡിയുടെ നിർദേശം. എന്നാൽ തിങ്കളാഴ്ച ഹാജരാകുമോയെന്ന് കെജ്രിവാൾ അറിയിച്ചിട്ടില്ല. നേരത്തെ ഹാജരാകാനുള്ള ഇ ഡിയുടെ നോട്ടീസുകൾ കെജ്രിവാൾ അവഗണിച്ചിരുന്നു.

അതേസമയം നേരത്തെ ബി ജെ പിയിൽ ചേർക്കാനുള്ള ശ്രമമാണ് ഇ ഡിയുടെ നോട്ടീസുകളെന്നാണ് ദില്ലി മുഖ്യമന്ത്രി പ്രതികരിച്ചിരുന്നത്. ബി ജെ പിയിൽ ചേരാൻ ചിലർ നിർബന്ധിക്കുന്നതായും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞിരുന്നു. എന്ത് ​ഗൂഢാലോചന നടത്തിയാലും താൻ ഒരിക്കലും ബി ജെ പിയിൽ ചേരില്ലെന്നും, മുട്ടു മടക്കില്ലെന്നും കെജ്രിവാൾ നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. ജയിലിൽ പോകാൻ മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പടുക്കവേ പ്രതിപക്ഷ നേതാക്കളെ കേന്ദ്രസർക്കാർ വേട്ടയാടുകയാണെന്ന പരാതി ശക്തമാകുന്നതിനിടെയാണ് ഇ ഡിയുടെ പുതിയ നോട്ടീസ് എത്തിയിരിക്കുന്നത്.

ED issues 7th summons to Delhi CM Arvind Kejriwal in excise policy probe