‘ഇടിവെട്ടിയവനെ പാമ്പുകടിച്ചു’; ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി ഇ ഡി

ബാംഗ്ലൂര്‍: പ്രമുഖ എഡ്-ടെക് സ്ഥാപനമായ ബൈജൂസ് ആപ്പിന്‍റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ബൈജൂസ് വിദേശനാണ്യ വിനിമയ ചട്ട ലംഘനം അടക്കം നിരവധി കേസുകൾ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇദ്ദേഹം രാജ്യം വിടാതിരിക്കാനാണ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇ.ഡിയുടെ കൊച്ചി ഓഫീസിന്റെ നിർദേശ പ്രകാരം ഒന്നര വർഷം മുമ്പ് ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതു​പ്രകാരം വ്യക്തിയുടെ വിദേശയാത്ര പരിപാടികൾ അന്വേഷണ ഏജൻസികൾക്ക് അറിയാനാകും. എന്നാൽ, വിദേശയാത്ര നടത്തുന്നതിൽ നിന്നും ഒരാളെ തടയാനാവില്ല.

ബൈജു രവീന്ദ്രൻ വിദേശത്തേക്ക് പോകുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് അന്ന് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസിൽ ഭേദഗതി വരുത്തണമെന്ന് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ ഇ.ഡി അന്വേഷണം പുരോഗമിക്കുന്നത്.