‘മാർച്ച് 12ന് മുഴുവൻ രേഖകളുമായി ഹാജരാകണം’; തോമസ് ഐസക്കിന് വീണ്ടും ഇഡിയുടെ നോട്ടീസ്

കൊച്ചി: മസാല ബോണ്ട് കേസിൽ ഹാജരാകാൻ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്‌ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ്. മാർച്ച് 12 ന് തോമസ് ഐസക് ഹാജരാകണമെന്ന് ഇ ഡി നോട്ടീസ് നൽകി. മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളുമായി എത്തണമെന്നാണ് നിർദ്ദേശം.

മസാല ബോണ്ട് സമാഹരണത്തിൽ കിഫ്ബി വിദേശ നാണയചട്ടം ലംഘിച്ചെന്നും റിസര്‍വ് ബാങ്കിന്‍റെ അനുമതി വാങ്ങിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇഡി അന്വേഷണം തുടങ്ങിയത്. ഇഡിയുടെ അന്വേഷണത്തിനെതിരെ തോമസ് ഐസകും കോടതിയെ സമീപിച്ചു.

ഇഡി തനിക്ക് തുടര്‍ച്ചയായി സമന്‍സ് അയക്കുകയാണെന്നും അനാവശ്യ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടെന്നും രാഷ്ട്രീയ താത്പര്യമാണെന്നും തോമസ് ഐസക് വാദിച്ചു. നിയമവിരുദ്ധവും ഏകപക്ഷീയവുമായ സമൻസ് അയച്ച് ഇഡി തന്നെ വേട്ടയാടുകയാണെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് വിരുദ്ധമാണ് സമൻസെന്നും അദ്ദേഹം വാദിച്ചു. എന്നാൽ അന്വേഷണവുമായി കിഫ്ബിയും തോമസ് ഐസകും സഹകരിക്കുന്നില്ലെന്നാണ് ഇഡിയുടെ വാദം.

ED serve notice to Thomas isaac on KIIFB masala bond case