
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും ഇഡി നോട്ടീസ് അയച്ചു. ഈ മാസം 18-ന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. ഇതു നാലാമത്തെ തവണയാണ് കെജ്രിവാളിന് ഇഡി നോട്ടീസ് ലഭിക്കുന്നത്. നേരത്തേ മൂന്നു തവണയും കെജ്രിവാള്‍ ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് നാലാമതും നോട്ടീസ് അയച്ചിരിക്കുന്നത്.
ഇതിനു മുന്‍പ് ജനുവരി 3-ന് ഇഡിക്ക് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരുന്നത്. എന്നാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പും റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പും മുന്നില്‍ ഉള്ളതിനാല്‍ ഹാജരാകാന്‍ ആവില്ലെന്നാണ് ഈ സമന്‍സിന് കെജ്രിവാള്‍ മറുപടി അറിയിച്ചത്. ചോദ്യാവലി അയച്ചാല്‍ ഏത് ചോദ്യത്തിനും സന്തോഷത്തോടെ മറുപടി അയക്കാമെന്നും കെജ്രിവാള്‍ ഇഡി സമന്‍സിന് മറുപടി നല്‍കിയിരുന്നു.
അതേസമയം മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതികേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ ആവില്ലെന്നാണ് അരവിന്ദ് കെജ്രിവാളിന്റെ നിലപാട്. ബിജെപിയുടെ നിര്‍ദ്ദേശപ്രകാരം ഇഡി തനിക്ക് നോട്ടീസ് അയച്ചതാണെന്നും ഇത് നിയമവിരുദ്ധമാണെന്നുമായിരുന്നു കെജ്രിവാളിന്റെ ആരോപണം. ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തെ അയച്ച സമന്‍സിനോടും കെജ്രിവാള്‍ രൂക്ഷഭാഷയിലാണ് പ്രതികരിച്ചത്.















