
ന്യൂഡൽഹി: വിദേശ വിനിമയ ചട്ടലംഘന കേസിൽ ചോദ്യം ചെയ്യുന്നതിനായി ഫെബ്രുവരി 19 ന് ഏജൻസിക്ക് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്രയ്ക്ക് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു.
ലോക്സഭയിൽ നിന്ന് പുറത്താക്കപ്പെട്ട മഹുവ മൊയ്ത്ര വിദേശ വിനിമയ ചട്ടലംഘനം നടത്തി എന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. തിങ്കളാഴ്ച ഡൽഹിയിലെ ഇ.ഡി ഓഫിസിൽ ചോദ്യം ചെയ്യാൻ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പാർലമെന്റിൽ ചോദ്യം ചോദിക്കാൻ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്ന് നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ മഹുവയെ എം.പി സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. അദാനിക്കെതിരെ ലോക്സഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ ദർശൻ ഹിരനന്ദാനിക്ക് മഹുവ മൊയ്ത്ര തന്റെ പാർലമെന്ററി ലോഗിൻ ഐ.ഡിയും പാസ്വേഡും കൈമാറിയെന്നാണ് ആരോപണം. ഇതേകുറിച്ച് അന്വേഷിച്ച പാർലമെന്റ് എത്തിക്സ് കമ്മിറ്റി മഹുവക്ക് എതിരായി റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് അവരെ എം.പി സ്ഥാനത്ത് നിന്ന് പുറത്താക്കിയത്.
ബിജെപി എംപി നിഷികാന്ത് ദുബെയാണ് പാര്‍ലമെന്റില്‍ മഹുവയ്‌ക്കെതിരെ രംഗത്തുവന്നത്. ഇതില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മഹുവയ്‌ക്കെതിരെ നടപടി വേണമെന്നും ദുബെ ആവശ്യപ്പെട്ടിരുന്നു. ഹിരാനന്ദാനിക്ക് മാത്രമല്ല ലോഗിന്‍ വിവരങ്ങള്‍ നല്‍കിയതെന്നു ദുബെ ആരോപിച്ചു. ഡല്‍ഹി, ബെംഗളൂരു, സാന്‍ഫ്രാന്‍സിസ്‌കോ തുടങ്ങി പലയിടങ്ങളില്‍നിന്ന് ലോഗിന്‍ ചെയ്തതു സൂചിപ്പിക്കുന്നത് അതാണെന്നും ദുബെ പറഞ്ഞു.