
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ആരോപണത്തില്‍ അന്വേഷണവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. ഇ ഡി കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇ ഡി അന്വേഷിക്കുന്നത്. എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് രജിസ്റ്റര്‍ (ഇ സി ഐ ആർ) ചെയ്തു. നിലവില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ (എസ്എഫ്‌ഐഒ) അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ഇ ഡി കേസെടുത്തത്. എസ് എഫ് ഐ ഒ കേസിന്റെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ അന്വേഷണം.
മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട പരാതിയില്‍ കെഎസ്‌ഐഡിസിക്കെതിരെ എസ്എഫ്‌ഐഒ നടത്തുന്ന അന്വേഷണം തുടരാന്‍ ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു.
സിഎംആര്‍എല്‍, മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യുഷന്‍സ്, കെഎസ്‌ഐഡിസി എന്നിവക്കെതിരെയാണ് എസ്എഫ്‌ഐഒ അന്വേഷണം നടത്തുന്നത്. ഇതിനിടെയാണ് ഇ ഡിയും സമാനവിഷയത്തില്‍ അന്വേഷണം ആരംഭിച്ചത്.
എസ് എഫ് ഐ ഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് എക്‌സാലോജിക് നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം നടത്തുന്നതിനിടെ എസ്എഫ്‌ഐഒ കേസില്‍ ഇടപെടുന്നതിനെ എക്‌സലോജിക് ചോദ്യം ചെയ്തിരുന്നു.
കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് കമ്പനി (സി.എം.ആര്‍.എല്‍.) എന്ന സ്വകാര്യ കമ്പനി, വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്പനിക്ക് നല്‍കാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് മാസപ്പടിവിവാദത്തിന് തിരികൊളുത്തത്. സി.എം.ആര്‍.എല്ലില്‍നിന്ന് എക്‌സാലോജിക് സൊല്യൂഷന്‍സ് 1.72 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തല്‍. ഇത് വീണാ വിജയനെയും പിണറായി വിജയനെയും പാര്‍ട്ടിയെയും ഒരുപോലെ വെട്ടിലാക്കി.
ED To Probe Monthly Quata Controversy case