സംസ്ഥാനത്ത് കൊടും ചൂട്: ആറാം തീയതി വരെ ജാഗ്രതാ നിര്‍ദേശം,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍. സ്‌കൂളുകള്‍ ഓണ്‍ലൈനായി പ്രവര്‍ത്തിക്കാനാണ് തീരുമാനം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 11 മണിമുതല്‍ 3 മണി വരെയുള്ള അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ മറ്റുചില നിര്‍ണായക തീരുമാനങ്ങള്‍ക്കൂടി എടുത്തിട്ടുണ്ട്. സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താനാണ് ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്നത്. യോഗത്തില്‍ വിവിധ ജില്ലകളിലെ സാഹചര്യം ജില്ലാ കളക്ടര്‍മാര്‍ വിശദീകരിച്ചു.

ആറാം തീയതി വരെയാണ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം. പുറംജോലികള്‍, വിനോദങ്ങള്‍ എന്നിവയിലും നിയന്ത്രണം കൊണ്ടുവരും. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള പുറം ജോലികള്‍ ഒഴിവാക്കണം. അതിന് അനുസരിച്ച് സമയം ക്രമീകരിക്കണം. പകല്‍ സമയത്തെ പരിശീലനവും ഡ്രില്ലും ഒഴിവാക്കണം. സമ്മര്‍ ക്യാമ്പുകള്‍ നിര്‍ത്തിവയ്ക്കാനും നിര്‍ദേശം.

നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പുമുണ്ട്. തൃശൂര്‍, പാലക്കാട്, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും താപനില മുന്നറിയിപ്പ് തുടരുകയാണ്. സാധാരണയേക്കാള്‍ 3 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനാണ് സാധ്യത.

പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യതൊഴിലാളികള്‍, മറ്റ് കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ മുതലായവര്‍ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

പോലീസ്, അഗ്‌നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങള്‍, എന്‍സിസി, എസ്പിസി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളില്‍ പകല്‍ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണം. ആസ്‌ബെസ്റ്റോസ്, ടിന്‍ ഷീറ്റുകള്‍ മേല്‍ക്കൂരയായിട്ടുള്ള തൊഴിലിടങ്ങള്‍ പകല്‍ സമയം അടച്ചിടണം. ഇവ മേല്‍ക്കൂരയായുള്ള വീടുകളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം.

തീപിടിത്ത സാധ്യതയുള്ള ഇടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും വേണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

കലാ-കായിക മത്സരങ്ങള്‍/പരിപാടികള്‍ പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെ നിര്‍ബന്ധമായും ഒഴിവാക്കണം. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം.

More Stories from this section

family-dental
witywide