
അബുജ്മദ്: ഛത്തീസ്ഗഡിലെ അബുജ്മദ് പ്രദേശത്ത് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ എട്ട് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. നാരായൺപൂർ, കാങ്കർ, ദന്തേവാഡ, കൊണ്ടഗാവ് എന്നീ നാല് ജില്ലകളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നടത്തിയ നക്‌സൽ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായാണ് അബുജ്മദ് വനമേഖലയിൽ ഇന്നു രാവിലെയുണ്ടായത്. വെടിവയ്പ്പിൽ സുരക്ഷാ സേനയിലെ ഒരു ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. അതേസമയം, പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
അടുത്തിടെ, ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്നായി ഒമ്പത് മാവോയിസ്റ്റുകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ചയാണ് മാവോയിസ്റ്റുകളെ പിടികൂടിയത്. എട്ടുപേരെ ഉസൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ഒരാളെ നെയിംഡ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്റെ (സിആര്‍പിഎഫ്) 196-ാം ബറ്റാലിയന്‍, കോബ്രാ- സിആര്‍പിഎഫിന്റെ എലൈറ്റ് യൂണിറ്റ് 205-ാം ബറ്റാലിയന്‍, ലോക്കല്‍ പോലീസ് എന്നിവര്‍ ചേര്‍ന്നാണ് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തത്.
സജീവ പ്രവര്‍ത്തകരായ സോന കുഞ്ഞം (40), ആണ്ട കടത്തി (30), മാങ്കു മഡ്കം (24), സന്തോഷ് കാട്ടി (25), സോന മുചകി (22), ഹദ്മ കാഡി (27), സുരേഷ് മഡ്കം (28), ദേവേന്ദ്ര മുചകി (25) എന്നിവരായിരുന്നു ഉസൂരില്‍ നിന്ന് പിടിയിലായത്. അവ്ലം ആയിതു (49)വിനെ നെയിംഡ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നായിരുന്നു പിടികൂടിയത്. ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയാണ്. പിടിയിലായ എല്ലാവരും മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞിരുന്നു.