
ദില്ലി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ അരുണ്‍ ഗോയല്‍ രാജിവെച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ വിമർശനം ശക്തമാക്കി പ്രതിപക്ഷം. അതീവ ആശങ്കജനകമായ അവസ്ഥയാണ് അരുണ്‍ ഗോയല്‍ രാജിയെന്നാണ് പ്രതിപക്ഷ നേതാക്കൾ പറയുന്നത്. അരുൺ ഗോയലിന്‍റെ രാജിയില്‍ വ്യക്തത വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് അപ്രതീക്ഷിത രാജി.. 2027 വരെ കാലാവധിയുണ്ടായിരിക്കെയാണ് അരുണ്‍ ഗോയല്‍ സ്ഥാനം രാജിവെക്കുന്നത്. അതീവ ആശങ്കജനകമാണെന്നും രാജിയില്‍ വ്യക്തത വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
അസാധാരണ രാജിയാണ് ഉണ്ടായിരിക്കുന്നതെന്നും ഇതിൽ വ്യകതത വേണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസാണ് ആദ്യം രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ആണോ തിരഞ്ഞെടുപ്പ് ഒഴിവാക്കൽ ആണോ ഇന്ത്യയിൽ നടക്കുന്നതെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ചോദിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവർത്തനങ്ങളില്‍ സുതാര്യത ഇല്ലെന്നും സർക്കാർ കമ്മീഷനെ സമ്മർദത്തിലാക്കുകയാണെന്നുമാണ് എ ഐ സി സി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടത്. തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ രാജി ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൃണമൂൽ കോൺഗ്രസും എ എ പിയും ഇടതുപക്ഷ പാർട്ടികളും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം 3 വർഷം കാലാവധി ബാക്കി നിൽക്കെയാണ് അപ്രതീക്ഷതമായി അരുണ്‍ ഗോയൽ രാജിവച്ചത്. മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രണ്ടംഗങ്ങള്‍ മാത്രമുള്ളപ്പോഴാണ് രാജി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാർ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ശേഷിക്കുന്ന അംഗം. രാജി രാഷ്ട്രപതി അംഗീകരിച്ച് വിജ്ഞാപനം പുറത്തിറങ്ങിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങള്‍ മാത്രമുള്ളപ്പോൾ ഗോയൽ രാജിവച്ചത് ഏവരെയും ഞെട്ടിച്ചിട്ടുണ്ട്.
Election Commission Or Election Omission? Congress Chief Kharge On Arun Goel Resignation