ഇലക്ടറല്‍ ബോണ്ട്: എസ്ബിഐയ്‌ക്കെതിരേ സിപിഎം സുപ്രീം കോടതിയില്‍, ഹര്‍ജി ഇന്ന് പരിഗണിക്കും

ഇലക്ടറല്‍ ബോണ്ട് കേസില്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിന് സാവകാശം ചോദിച്ചുകൊണ്ട് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) സമര്‍പ്പിച്ച ഹര്‍ജിക്കെതിരേ സിപിഎം സുപ്രീംകോടതിയില്‍. എസ്ബിഐയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സിപിഎം ഇന്നലെ എസ്ബിഐയ്‌ക്കെതിരേ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. ഇരുഹര്‍ജികളുംഇന്ന് പരിഗണിക്കും.

ഇലക്ടറല്‍ ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ സംഭാവനകളുടെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറാനാണ് എസ്ബിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നത്. അതിനുള്ള സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചു. എസ്ബിഐ നല്‍കുന്ന വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മാര്‍ച്ച് 13-ന് മുമ്പ് പ്രസിദ്ധീകരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.

എന്നാല്‍ ഏറെ രേഖകള്‍ പരിശോധിച്ച് മാത്രമേ വിവരങ്ങള്‍ ശേഖരിക്കാനാകൂയെന്നും ഇതു ക്രോഡീകരിച്ചു സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേൺമെന്നും അതിനാല്‍ ജൂണ്‍ 30 വരെ സമയം നീട്ടി നല്‍കണമെന്നും ആവശ്യപ്പെട്ട് എസ്ബിഐ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു.

ഇത് കേന്ദ്ര സര്‍ക്കാരും എസ്ബിഐയും തമ്മിലുള്ള ഒത്തുകളിയാണെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇലക്ടറല്‍ ബോണ്ടുകളുടെ വിവരങ്ങള്‍ പുറത്തുവരുന്നത് തടയാൻ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് എസ്ബിഐ സമയം നീട്ടിച്ചോദിച്ചതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

കോടതി വിധി എസ്ബിഐ മനപ്പൂര്‍വം അനുസരിക്കാതിരിക്കുകയാണെന്നും അത് കോടതിയലക്ഷ്യമാണെന്നും ചൂണ്ടിക്കാണ്ടി ഇലക്ടറല്‍ ബോണ്ട് കേസിലെ ഹര്‍ജിക്കാരായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് സുപ്രീംകോടതിയെ സമീപിച്ചു. കേന്ദ്ര സര്‍ക്കാരിനെയും എസ്ബിഐയെയും കക്ഷിചേര്‍ത്താണ് അവര്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. ഇതിനു പിന്നാലെയാണ് ഇന്ന് സിപിഎമ്മും എസ്ബിഐയ്‌ക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചത്.

Electoral Bond Case in Supreme Court today

More Stories from this section

family-dental
witywide