ഇലക്ട്രല്‍ ബോണ്ട് വഴി പണം നല്‍കിയ വന്‍കിട കമ്പനികള്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ കിട്ടിയത് വന്‍കിട പദ്ധതികള്‍; ഇലക്ട്രല്‍ ബോണ്ട് ലോകത്തെ ഏറ്റവും വലിയ കുംഭകോണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: 2 ജി സ്പെക്ട്രത്തെക്കാള്‍, കല്‍ക്കരിയേക്കാള്‍, ബോഫേഴ്സിനേക്കാള്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയായിരുന്നു ഇലക്ടറല്‍ ബോണ്ട് എന്നതാണ് പുറത്തുവരുന്ന വിവരം. സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ വിധിക്ക് പിന്നാലെയാണ് ഇലക്ട്രല്‍ ബോണ്ട് വാങ്ങിയ കമ്പനികളുടെയും വ്യക്തികളുടെയും വിവരങ്ങള്‍ വെബ്സൈറ്റിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യപ്പെടുത്തിയത്. എസ്.ബി.ഐ വിറ്റ 22,000 ബോണ്ടുകളിലൂടെ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ടികളുടെ അക്കൗണ്ടുകളിലേക്ക് ഒഴുകിയത് 16,000 കോടി രൂപയാണ്. 1,300 കമ്പനികളും വ്യക്തികളും ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ട്. ഈ ബോണ്ടുകളിലൂടെ 6000ത്തോളം കോടി രൂപ കിട്ടിയത് ബിജെപിക്കായിരുന്നു.

2019ലാണ് കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രല്‍ ബോണ്ട് കൊണ്ടുന്നത്. രാഷ്ട്രീയ പാര്‍ടികള്‍ക്ക് ബോണ്ടുകള്‍ വഴി സംഭാവന നല്‍കാനുള്ള സംവിധാനമായിരുന്നു ഇത്. ബോണ്ടുകള്‍ വഴി സംഭാവന നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമാക്കി വെക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ടായിരുന്നു. അങ്ങനെ രഹസ്യമായി സംഭാവനകള്‍ സ്വീകരിക്കുന്നത് ഭരണഘടന വിരുദ്ധമെന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്. ഇതോടെയാണ് ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ടികള്‍ക്ക് സംഭാവന നല്‍കിയവരുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് സൈറ്റിലൂടെ പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും രാജ്യംകണ്ട ഏറ്റവും വലിയ കുംഭകോണമാണ് ഇതെന്നും കോണ്‍ഗ്രസ് നേതാവ് ജയറാംരമേശ് ആരോപിച്ചു. അതിന് നിരവധി ഉദാഹരണങ്ങളും ജയറാം രമേശ് നിരത്തുന്നുണ്ട്. 

മേഖാ എന്‍ജിനീയറിംഗ് ആന്റ് ഇന്‍ഫ്ര എന്ന കമ്പനി 800 കോടി രൂപയുടെ ഇലക്ട്രല്‍ ബോണ്ട് വാങ്ങിയിട്ടുണ്ട്. ഒരു മാസത്തിന് ശേഷം 14,400 കോടി രൂപയുടെ താനേ-ബോറിവാലി ഇരട്ട ടണല്‍ പദ്ധതിയുടെ കരാര്‍ മേഖാ എന്‍ജിനീയറിംഗിന് നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 800 കോടി രൂപയുടെ ഇലക്ട്രല്‍ ബോണ്ടിനും 14,400 കോടി രൂപയുടെ പദ്ധതിയും തമ്മില്‍ ബന്ധമില്ലേ എന്നാണ് ജയറാം രമേശ് ചോദിക്കുന്നത്.

ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍ എന്ന കമ്പനി 25 കോടി ഇലക്ട്രല്‍ ബോണ്ടുവഴി 2022 ഒക്ടോബര്‍ 7ന് നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസത്തിന് ശേഷം ജിന്‍ഡാല്‍ കമ്പനിക്ക് കല്‍ക്കരി ഖനനത്തിനുള്ള അനുമതി കേന്ദ്രത്തില്‍ നിന്ന് കിട്ടുന്നു. 

ഇതു കൂടാതെ ഐ.ടി-ഇ.ഡി റെയ്ഡുകള്‍ നടന്ന പല കമ്പനികളും റെയ്ഡിന് തൊട്ടുപിന്നാലെ കോടികളുടെ ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങി. അതിലൊരു കമ്പനിയാണ് സാന്റിയാഗോ മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയ്മിംഗ്. 1300 കോടി രൂപയാണ് സാന്റിയാഗോ മാര്‍ട്ടിന്‍ സംഭാവനയായി നല്‍കിയത്. ഈ തുക നല്‍കുന്നതിന് തൊട്ടുമ്പുള്ള ദിനങ്ങളില്‍ ഇ.ഡി-ഐ.ടി നിരീക്ഷണത്തിലായിരുന്നു മാര്‍ട്ടിന്‍ എന്നും ജയറാം രമേശ് ആരോപിക്കുന്നു. അതുപോലെ വേദാന്ത ഉള്‍പ്പടെയുള്ള നിരവധി കമ്പനികളെ ഉദാഹരണമായി ജയറാം രമേശ് ചൂണ്ടിക്കാട്ടുന്നു. 

ലോകത്തെ ഏറ്റവും വലിയ കുംഭകോണമാണ് ഇലക്ട്രല്‍ ബോണ്ടിലൂടെ നടന്നിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധിയും ആരോപിച്ചു. തെരഞ്ഞെടുപ്പ് രംഗത്തെ അഴിമതി ഇല്ലാതാക്കാനാണ് ഇലക്ട്രല്‍ ബോണ്ട് സംവിധാനം കൊണ്ടുവരുന്നതെന്നാണ് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. എന്നാല്‍ തെരഞ്ഞെടുപ്പ് രംഗത്തെ ഏറ്റവും വലിയ അഴിമതിയാണ് ഇതിലൂടെ നടന്നിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഏതായാലും തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി വന്‍തോതില്‍ പണം നല്‍കിയവരെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ അടുപ്പക്കാരാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രതികൂട്ടില്‍ നിര്‍ത്തുന്ന വിവരങ്ങള്‍ തന്നെയാണ് പുറത്തുവന്നിരിക്കുന്നത്. 

Electoral Bond scheme world biggest corruption

More Stories from this section

family-dental
witywide