ഇലക്ടറൽ ബോണ്ടുകൾ മോദിയുടെ ഗുണ്ടാ പിരിവെന്ന് രാഹുൽ ഗാന്ധി

മുംബൈ: ലോകത്തെ ഏറ്റവും വലിയ കൊള്ളയടി റാക്കറ്റും അഴിമതിയുമാണ് ഇലക്ടറൽ ബോണ്ടുകളെന്നും അത് നടത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി വെള്ളിയാഴ്ച പറഞ്ഞു. മുംബൈയിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന റാലിക്ക് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ കേന്ദ്ര സർക്കാരിനെതിരെ തുറന്നടിച്ചത്.

ഇലക്ടറൽ ബോണ്ടുകൾ വഴി നരേന്ദ്ര മോദിയും ബിജെപിയും നടത്തിയത് ഗുണ്ടാ പിരിവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള പിടിച്ചുപറിയാണ് ഇതുവഴി ബിജെപി നടത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

“പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇലക്ടറൽ ബോണ്ട് എന്ന ആശയം കൊണ്ടുവന്നത്. അനധികൃതമായുള്ള രാഷ്ട്രീയ സാമ്പത്തികം ഇല്ലാതാക്കാനുള്ള മാർഗമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇത് ലോകത്തിലെ ഏറ്റവും വലിയ കൊള്ളയടിക്കൽ റാക്കറ്റും അഴിമതിയും അല്ലാതെ മറ്റൊന്നുമല്ല. കോർപ്പറേറ്റുകളിൽ നിന്ന് ഓഹരികൾ എടുക്കുന്നതിനും പകരം അവരിൽ നിന്ന് ഹഫ്ത വാങ്ങുന്നതിനുള്ള കരാറുകൾ നൽകുന്നതിനുമുള്ള ഒരു മാർഗമാണിത്,” കമ്പനികളുടെ പട്ടികയിൽ ഷെൽ കമ്പനികളും സിബിഐയും ഇഡിയും സമ്മർദ്ദം ചെലുത്തുന്നവയും ഉണ്ടെന്നും രാഹുൽ പറഞ്ഞു.

ഇത് കോർപ്പറേറ്റ് ഇന്ത്യയുടെ ക്രിമിനൽ ചൂഷണമാണെന്നും അത് നടത്തുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നും രാഹുൽ ആരോപിച്ചു. ബിജെപി സമാഹരിച്ച പണം രാജ്യത്തുടനീളമുള്ള സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാനാണ് ഉപയോഗിച്ചത്. ആ പണം ഉപയോഗിച്ചാണ് ശിവസേനയെയും എൻസിപിയെയും തകർത്തത്. ഈ പാർട്ടികളെ തകർക്കാനാണ് പണം നൽകിയതെന്ന് മഹാരാഷ്ട്ര മുഴുവൻ അറിയാമെന്നും രാഹുൽ വ്യക്തമാക്കി.

More Stories from this section

family-dental
witywide