അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും: നിർമല സീതാരാമൻ

ന്യൂഡൽഹി: 2024ലെ പൊതു തെരഞ്ഞെടുപ്പിൽ അധികാരത്തിൽ തിരിച്ചെത്തിയാൽ എല്ലാരോടും കൂടിയാലോചനകൾ നടത്തി ഏതെങ്കിലും രൂപത്തിൽ ഇലക്ടറൽ ബോണ്ടുകൾ തിരികെ കൊണ്ടുവരാനാണ് ബിജെപി ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. എന്നാൽ മാറ്റങ്ങളോടെയാകും ബോണ്ട് തിരികെ കൊണ്ടുവരികയെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.

ഇലക്ടറൽ ബോണ്ട് വിഷയത്തിൽ ഞങ്ങൾക്ക് നിക്ഷേപകരുമായി ചർച്ചകൾ നടത്തേണ്ടതുണ്ട്. എല്ലാവർക്കും സ്വീകാര്യമായ ഒരു ചട്ടക്കൂട് നിർമിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് വിലയിരുത്തും. പ്രാഥമികമായി, സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കുമെന്നും അവർ പറഞ്ഞു. അതേസമയം, സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമോയെന്ന് കേന്ദ്രസർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.

ഫെബ്രുവരി 15നാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് ഉത്തരവിട്ടത്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനു വിരുദ്ധമാണ് ഇലക്ടറൽ ബോണ്ടുകളുടെ ഘടനയെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

More Stories from this section

family-dental
witywide