‘ഒരുപക്ഷേ നമുക്കാര്‍ക്കും ജോലിയുണ്ടാകില്ല, എഐ എല്ലാ ജോലികളും ഇല്ലാതാക്കും’: ഇലോണ്‍ മസ്‌ക്

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) എല്ലാ ജോലികളും ഇല്ലാതാക്കുമെന്ന് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. എന്നാല്‍ ഇത് ഒരു മോശം സംഭവവികാസമല്ലെന്ന് താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. പാരീസില്‍ നടന്ന ഒരു സ്റ്റാര്‍ട്ടപ്പ് ആന്‍ഡ് ടെക് ഇവന്റില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായം പങ്കുവെച്ചത്.

ഒരുപക്ഷേ നമുക്കാര്‍ക്കും ജോലിയുണ്ടാകില്ലെന്നും ജോലി ഒരു ഹോബിയുടെ രീതിയിലേക്കാണെങ്കില്‍ ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു. ‘നിങ്ങള്‍ക്ക് ഒരു ഹോബി പോലെയുള്ള ഒരു ജോലി ചെയ്യാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഒരു ജോലി ചെയ്യാം, ജോലി ഒരു ഓപ്ഷണല്‍ രീതിയിലേക്ക് മാറും, വേണമെങ്കില്‍ ചെയ്യാം എന്ന നിലയില്‍. ‘അല്ലെങ്കില്‍, എ.ഐയും റോബോട്ടുകളും നിങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങളും സേവനങ്ങളും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എ.ഐ കഴിവുകള്‍ അതിവേഗം പുരോഗമിച്ചിട്ടുണ്ടെന്നും റെഗുലേറ്റര്‍മാരും കമ്പനികളും ഉപയോക്താക്കളും സാങ്കേതിക വിദ്യയെ ഉത്തരവാദിത്തത്തോടെ എങ്ങനെ ഉപയോഗിക്കാമെന്ന് ഇപ്പോഴും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

നേരത്തെയും മസ്‌ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചുള്ള തന്റെ ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. വ്യാഴാഴ്ച നടന്ന തന്റെ മുഖ്യപ്രഭാഷണത്തിനിടെ, സാങ്കേതികവിദ്യയെ തന്റെ ‘ഏറ്റവും വലിയ ഭയം’ എന്നാണ് മസ്‌ക് വിശേഷിപ്പിച്ചത്.

ജോലിയില്ലാത്ത ഭാവിയില്‍ ആളുകള്‍ക്ക് വൈകാരിക സംതൃപ്തി അനുഭവപ്പെടുമോ എന്ന് മസ്‌ക് ചോദിച്ചു. കമ്പ്യൂട്ടറിനും റോബോട്ടുകള്‍ക്കും നിങ്ങളെക്കാള്‍ നന്നായി എല്ലാം ചെയ്യാന്‍ കഴിയുമെങ്കില്‍, നിങ്ങളുടെ ജീവിതത്തിന് അര്‍ത്ഥമുണ്ടോ? എന്നും മസ്‌ക് ചോദിച്ചു. അതേസമയം, കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തെപ്പറ്റിയും അദ്ദേഹം കരുതല്‍ പങ്കുവെച്ചു. കുട്ടികള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയയുടെ അളവ് നിയന്ത്രിക്കാനും പരിമിതപ്പെടുത്താനും അദ്ദേഹം മാതാപിതാക്കളെ ഉപദേശിക്കുകയും ചെയ്തു.

More Stories from this section

family-dental
witywide