യുഎസ് തിരഞ്ഞെടുപ്പ്: ട്രംപിന് പ്രചാരണത്തിനായി ഭീമൻ തുക സംഭാവന നൽകി ഇലോൺ മസ്ക്

യുഎസ് തിരഞ്ഞെടുപ്പിൽ ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഡൊണാൾഡ് ട്രംപിന്റെ വിജയത്തിനായി പ്രവർത്തിക്കുന്ന ഒരു സൂപ്പർ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിക്ക് കോടീശ്വരനും ടെസ്ല സിഇഒയുമായ എലോൺ മസ്‌ക് സംഭാവന നൽകി.

അമേരിക്ക പിഎസി എന്ന ലോ പ്രൊഫൈൽ ഗ്രൂപ്പിന് മസ്‌ക് സംഭാവന നൽകിയിട്ടുണ്ടെന്നാണ് വൃത്തങ്ങൾ പറയുന്നത്. മസ്‌ക് എത്ര തുക നൽകിയെന്ന് വ്യക്തമല്ല, പക്ഷേ വലിയ തുകയാണ് മസ്ക് നൽകിയിരിക്കുന്നത് എന്നാണ് വിവരം. ജൂലൈ 15 ന് പിഎസി തങ്ങൾക്ക് സംഭാവന നൽകിയവരുടെ ലിസ്റ്റ് വെളിപ്പെടുത്തും.

263.6 ബില്യൺ ഡോളറിൻ്റെ ആസ്തിയുമായി ബ്ലൂംബെർഗ് ബില്യണയർ സൂചികയിൽ ഒന്നാമനായ ഇലോൺ മസ്ക് രാഷ്ട്രീയ രംഗത്തേക്കും തന്റെ സ്വാധീനം വളർത്തുകയാണ് എന്നതിന്റെ സൂചനയായി ഈ നീക്കത്തെ കാണാവുന്നതാണ്. രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞിരുന്ന മസ്ക് ഇപ്പോൾ, ഡെമോക്രാറ്റുകൾക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്നതും ശ്രദ്ധേയമാണ്.

ധനസമാഹരണത്തിൽ ട്രംപ് തൻ്റെ എതിരാളിയായ പ്രസിഡൻ്റ് ജോ ബൈഡനെ മറികടക്കുമ്പോഴാണ് സംഭാവനയുമായി മസ്കും എത്തിയിരിക്കുന്നത്. 2024-ലെ മത്സരത്തിൽ മസ്‌ക് ഇതുവരെ ഒരു സ്ഥാനാർത്ഥിയെ പരസ്യമായി എൻഡോഴ്സ് ചെയ്തിട്ടില്ല. ട്രംപിൻ്റെയോ ബൈഡൻ്റെയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി താൻ ധനസഹായം നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഈ വർഷം ആദ്യം മസ്ക് പറഞ്ഞിരുന്നു.

അതേസമയം, വിഷയത്തിൽ ട്രംപിന്റെ പ്രചാരണ വിഭാഗമോ മസ്കിന്റെ ടീമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2024ലെ തിരഞ്ഞെടുപ്പിലും കുടിയേറ്റ വിരുദ്ധ നയങ്ങളുമായാണ് ട്രംപ് മുന്നോട്ട് പോകുന്നത്. ഇതിനിടയിലാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും യുഎസിലേക്ക് കുടിയേറിയ മസ്ക്, മുൻ യുഎസ് പ്രസിഡന്റിന് സംഭാവന നൽകുന്നത്.

മസ്കിന്റെ സംഭാവനയിൽ പ്രതികരണവുമായി ഡെമോക്രാറ്റിക് പാർട്ടിയും രംഗത്തെത്തി. കോർപ്പറേറ്റുകൾക്കുള്ള നികുതി കുറച്ച് തനിക്ക് അനുകൂലമായ സാഹചര്യം ട്രംപ് സൃഷ്ടിക്കുമെന്ന് മസ്കിനറിയാമെന്നും അതുകൊണ്ടാണ് ട്രംപിന് സംഭാവന നൽകിയതെന്നുമാണ് ബൈഡന്റെ പ്രചാരണ വിഭാഗം വക്താവ് ജെയിംസ് സിങ്ങറിന്റെ പ്രതികരണം. കോർപ്പറേറ്റ് നികുതി കുറക്കുമ്പോൾ മധ്യവർഗക്കാരുടെ നികുതി ട്രംപ് വർധിപ്പിക്കും. കോർപ്പറേറ്റുകൾക്കൊപ്പവും മധ്യവർഗക്കാർക്കൊപ്പവും നിൽക്കുക എന്നതാണ് ബൈഡന്റെ നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു.

Also Read

More Stories from this section

family-dental
witywide