
വാഷിംഗ്ടണ്‍: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന് തിരിച്ചടിയായി കഴിഞ്ഞ ദിവസമാണ് പാകിസ്ഥാന്‍ താത്ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്.
സുരക്ഷാ കാരണങ്ങളാല്‍ രണ്ട് മാസത്തെ നിരോധനമാണ് ഏര്‍പ്പെടുത്തിയതെന്നാണ് പാക് അധികൃതര്‍ പറഞ്ഞത്. ഇതിനു പിന്നാലെ പാകിസ്ഥാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം എക്‌സ് വ്യാഴാഴ്ച അറിയിച്ചു.
എലോണ്‍ മസ്‌കിന്റെ എക്സ് പാകിസ്ഥാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് ‘ആശങ്കകള്‍ മനസ്സിലാക്കാന്‍’ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഔദ്യോഗിക അറിയിപ്പ് എത്തിയിരിക്കുന്നത്
മുമ്പ് ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന ഈ പ്ലാറ്റ്‌ഫോം, പാകിസ്ഥാനിലെ പൊതു തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വോട്ട് കൃത്രിമം നടത്തിയതായി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിന് ശേഷം വളരെ അപൂര്‍വമായി മാത്രമേ ആക്‌സസ് ചെയ്യാനാകുമായിരുന്നുള്ളു. ഫെബ്രുവരി 17 മുതല്‍ പാകിസ്താനില്‍ എക്‌സ് സേവനങ്ങളില്‍ തടസ്സം നേരിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് മാധ്യമപ്രവര്‍ത്തകന്‍ എഹ്തിഷാം അബ്ബാസി സിന്ധ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയ്ക്ക് മറുപടിയായിട്ടാണ് സര്‍ക്കാര്‍ നിരോധനവും കാരണങ്ങളും വെളിപ്പെടുത്തിയത്.
ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ പാക് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടനുസരിച്ച് സുരക്ഷാ കാരണങ്ങളാല്‍ എക്‌സിനെ തടഞ്ഞുവെന്നാണ് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച നല്‍കിയ വിശദീകരണം. അതേസമയം, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലേക്കുള്ള ആക്സസ് ഒരാഴ്ചയ്ക്കുള്ളില്‍ പുനഃസ്ഥാപിക്കണമെന്ന് സിന്ധ് ഹൈക്കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടിട്ടുണ്ട്.
X-ban: Elon Musk says working with Pakistan government to understand concerns