‘മോദി സര്‍ക്കാരിനോട് വിയോജിപ്പുണ്ട്’; കര്‍ഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ക്ക് പൂട്ടിടാനുള്ള കേന്ദ്ര ശ്രമം തുറന്നുകാട്ടി എക്സ്

ഡല്‍ഹി: കേന്ദ്ര സർക്കാരിനെതിരെ വെളിപ്പെടുത്തലുമായി ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ്. കർഷക സമരത്തിലെ പോസ്റ്റുകളിൽ നടപടി വേണമെന്ന കേന്ദ്ര ആവശ്യത്തിൽ ചില അക്കൗണ്ടുകൾ പിൻവലിച്ചു. നിയമനടപടികൾ സ്വീകരിക്കാനും കേന്ദ്ര നിർദേശമുണ്ടായി. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണെന്നും എക്സ് പ്രതികരിച്ചു. സർക്കാർ ആവശ്യപ്പെട്ടതു പ്രകാരം ചില അക്കൗണ്ടുകൾ പിൻവലിക്കേണ്ടി വന്നെങ്കിലും കേന്ദ്രത്തിന്റെ നീക്കത്തോട് വിയോജിപ്പുണ്ടെന്നും എക്സ് അറിയിച്ചു.

കര്‍ഷകസമരവുമായി ബന്ധപ്പെട്ട 177 അക്കൗണ്ടുകള്‍ താല്‍കാലികമായി ബ്ലോക്ക് ചെയ്യാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

നരേന്ദ്ര മോദി സര്‍ക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരം ചില അക്കൗണ്ടുകള്‍ ഇന്ത്യയില്‍ മാത്രം ലഭ്യമാകാത്ത തരത്തിൽ നീക്കം ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഈ വിവരം ലോകമറിയണമെന്നും എക്‌സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ ടീം വ്യക്തമാക്കി.

ആശയപരമായി സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങളോട് വിയോജിപ്പുണ്ടെന്നും കമ്പനി തുറന്നടിച്ചു. നിയമപരമായ തടസ്സമുള്ളതിനാല്‍ ഉത്തരവിന്റെ പകര്‍പ്പ് പ്രസിദ്ധപ്പെടുത്താനാകില്ലെന്നും എക്‌സ് അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നടപടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് തങ്ങളുടെ ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്സ് പേജിലൂടെ അറിയിച്ചു.

തങ്ങളുടെ നിലപാടിന് അനുസൃതമായി അക്കൗണ്ടുകളും പോസ്റ്റുകളും ബ്ലോക്ക് ചെയ്യാനാവശ്യപ്പെട്ടുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ ഒരു റിട്ട് അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും എക്സ് വ്യക്തമാക്കിയിട്ടുണ്ട്. നടപടിക്ക് വിധേയരായ അക്കൗണ്ട് ഉടമകളെ തങ്ങളുടെ നയങ്ങള്‍ക്ക് അനുസൃതമായി വിവരം അറിയിച്ചുവെന്നും ഈ രീതി നല്ലതല്ലെന്നും ഇത്തരത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായ കാര്യം ജനങ്ങള്‍ അറിയണമെന്നതിനാലാണ് ഈ പോസ്റ്റിലൂടെ വിവരം വെളിപ്പെടുത്തിയതെന്നും എക്‌സ് വ്യക്തമാക്കി.

നിയമ പ്രശ്‌നങ്ങളാല്‍ സര്‍ക്കാര്‍ ഉത്തരവ് കാണിക്കാന്‍ കഴിയില്ലെന്ന് പറയുമ്പോഴും അവ പരസ്യമാക്കുന്നത് സുതാര്യതയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്ന് കമ്പനി വ്യക്തമാക്കി. അതേസമയം ആരോപണങ്ങളോട് കേന്ദ്രസർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

More Stories from this section

dental-431-x-127
witywide